വരാപ്പുഴ കസ്റ്റഡി മരണം; എ.വി. ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിച്ചേക്കും

വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കാന്‍ അന്വേഷണസംഘം. ശ്രീജിത്തിനെ പിടികൂടുന്നതിന് എ.വി. ജോര്‍ജ്ജിന്റെ കീഴിലുള്ള ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ജോര്‍ജ്ജ് തന്നെയാണെന്ന് വിവിധ ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാമും ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ്ജിന്റെ നിര്‍ദേശാനുസരണമാണ് ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലില്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ്ജിന് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി എ.വി. ജോര്‍ജ്ജിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും.
കേസിന്റെ ചില പ്രധാനപ്പെട്ട രേഖകള്‍ എ.വി. ജോര്‍ജ്ജിന്റെ ഓഫീസ് തിരുത്തിയതായും ആരോപണമുണ്ട്. ശ്രീജിത്തിനെതിരെ തയാറാക്കിയ വ്യാജമൊഴിയേക്കുറിച്ച് ജോർജിന് അറിവുണ്ടായിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വരാപ്പുഴയിൽ മരിച്ച വസുദേവന്‍റെ മകൻ വിനീഷിന്‍റെ മൊഴിയാണ് ശ്രീജിത്തിനെതിരെ വ്യാജമായി രേഖപ്പെടുത്തിയത്. വരാപ്പുഴ സ്റ്റേഷനിൽ വെച്ചാണ് മൊഴി തയാറാക്കിയതെന്നാണ് വിവരം. അന്ന് സ്റ്റേഷൻ ചുമതയുണ്ടായിരുന്ന റൈറ്റർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജോർജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here