മാഹിയിലെ ബാബുവിന്റെ കൊലപാതകം; ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മാഹിയിലെ സിപിഎം നേതാവ് ബാബുവിനെ വധിച്ച കേസിൽ ഒരാൾ പിടിയിൽ. ബാബുവിന്‍റെ കൊലപാതകത്തിൽ ആര്‍എസ്എസ് പ്രവർത്തകനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷാണ് പുതുച്ചേരി പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇന്നു വിവാഹം നടക്കാനിരിക്കേ, ഇന്നലെ രാത്രിയാണു ജെറിന്‍ സുരേഷിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ വിവാഹം മുടങ്ങി. പ്രതിഷേധവുമായി ബന്ധുക്കളും ബിജെപി പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനു മുന്നില്‍.
സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണ തുടരുകയാണ്. ഇരട്ടക്കൊലപാതകത്തിലെ ആദ്യ അറസ്റ്റാണ് ജെറിന്റേത്.
കേസുമായി ബന്ധമുണ്ടെന്നു കരുതുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് തയാറാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൊലപാതകത്തിൽ ജെറിന്‍റെ പങ്ക് വ്യക്തമായെന്നും ഇതേത്തുടർന്നാണ് അറസ്റ്റെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് സിപിഐഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്. അക്രമിസംഘം പതിയിരുന്ന് ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here