സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് പുതിയ നിർദ്ദേശങ്ങൾ

സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൽ അച്ചാറും രസവും ഒഴിവാക്കണമെന്ന നിർദേശവുമായി വിദ്യഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച സർക്കുലർ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിലേക്ക് അയച്ചിട്ടുണ്ട്.
സ്‌കൂൾ ഉച്ചഭക്ഷണത്തിൽ മൂന്ന് കറികൾ നിർബന്ധമായിട്ടുണ്ടായിരിക്കണം എന്നാണ് നിർദേശം. എന്നാൽ എണ്ണം തികയ്ക്കുന്നതിനായി പലസ്ഥലങ്ങളിലും തട്ടിക്കൂട്ടി രസം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യാറുള്ളത്. ഇതിന് തടയിടാനാണ് രസം ഒഴിവാക്കാൻ നിർദേശിച്ചിരിക്കുന്നത്.
വിപണിയിൽ നിന്നു വാങ്ങുന്ന അച്ചാറുകൾക്കാണ് നിരോധനമുള്ളത്. പായ്ക്കറ്റ് അച്ചാറുകളിൽ വ്യാപകമായി രാസവസ്തുക്കളും പൂപ്പലും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ ഹോട്ടലുകളിലും ദിവസേന തയാറാക്കുന്ന അച്ചാറുകൾ മാത്രം ഉപയോഗിക്കാനേ അനുമതിയുള്ളൂ.
അടുത്ത അധ്യായന വർഷം ജൂൺ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം കൊണ്ടുവന്നത്. സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കണമെന്നും ഉച്ചഭക്ഷണ കമ്മിറ്റി മുൻകൂട്ടി മെനു തയാറാക്കണമെന്നും സർക്കുലറിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here