Advertisement

പിന്തുണ കത്ത് നാളെ കോടതിക്ക് കൈമാറണം; കര്‍ണാടകത്തിലെ നാടകീയത തുടരുന്നു

May 17, 2018
Google News 1 minute Read

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ബി.എസ്. യെദ്യൂരപ്പയെ മണിക്കൂറുകള്‍ക്കുള്ളില്‍ താഴെയിറക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് നീക്കം. സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതി നാളെയും സുപ്രീം കോടതി പരിഗണിക്കും. നാളെ രാവിലെ 10.30 നാണ് കോണ്‍ഗ്രസിന്റെ പരാതിയില്‍ കോടതി വാദം കേള്‍ക്കുക.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ യെദ്യൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ബിജെപിക്കുണ്ടെന്ന് കാണിച്ച് ബി.എസ്. യെദ്യൂരപ്പ ഗവര്‍ണര്‍ വാജ്ഭായ് വാലക്ക് നല്‍കിയ കത്ത് നാളെ സുപ്രീം കോടതിയില്‍ ഹാജരാക്കേണ്ടി വരും. അതിന് ശേഷമായിരിക്കും യെദ്യൂരപ്പ സര്‍ക്കാരിന് തുടരാനാകുമോ എന്നതില്‍ വ്യക്തത വരിക.

കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ വിധാന്‍ സൗധയ്ക്ക് മുന്നില്‍ അണിനിരത്തിയ കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എല്ലാ എംഎല്‍എമാരും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിനൊപ്പം നില്‍ക്കുകയാണെങ്കില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല.

അതേ സമയം, അധികാരത്തിലെത്തിയ യെദ്യൂരപ്പ ജനങ്ങളെ സ്വാധീനിക്കാനെന്ന വണ്ണം ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. 56000 കോടി രൂപയാണ് ഈ ഇനത്തില്‍ മാറ്റിവെക്കുന്നതായി യെദ്യൂരപ്പ പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ സുപ്രീം കോടതിയില്‍ ഭൂരിപക്ഷം തെളിയിച്ചുകൊണ്ടുള്ള കത്ത് വ്യക്തതയോടെ അവതരിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കാതെ വന്നാല്‍ യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറങ്ങേണ്ടി വരും. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി വിജയിക്കുമെന്നാണ് യെദ്യൂരപ്പ അധികാരമേറ്റ ശേഷം പറഞ്ഞത്. സര്‍ക്കാര്‍ അഞ്ച് വര്‍ഷം തുടരുമെന്നും യെദ്യൂരപ്പ പറഞ്ഞു. 222 അംഗങ്ങളും വരും ദിവസം വിശ്വാസ വോട്ടെടുപ്പില്‍ പങ്കാളികളാകും. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് യെദ്യൂരപ്പയുടെ അവകാശവാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here