‘കന്നഡ നാട്ടിലെ ട്വിസ്റ്റുകള്‍’ ; നാളെ നിര്‍ണായകം

നെല്‍വിന്‍ വില്‍സണ്‍
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നിട്ടും സംസ്ഥാനം ആര് ഭരിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ഉറപ്പുകളില്ലാതെ ജനങ്ങള്‍. രാജ്യം മുഴുവന്‍ കര്‍ണാടകത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ പോലും കന്നഡ നാട്ടിലെ നാടകീയതകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇനി എന്തൊക്കെ സംഭവിക്കുമെന്നതിനെ കുറിച്ച് വ്യക്തമായ അറിവില്ലാതെയാണ് സാധാരണക്കാര്‍ പോലും കന്നഡ നാട്ടിലേക്ക് സസൂക്ഷമം ദൃഷ്ടി പതിപ്പിക്കുന്നത്. ഏറെ നിര്‍ണായകമായ മണിക്കൂറുകളിലൂടെയാണ് അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്.
നാളെ നിര്‍ണായകം:
ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം നാളെ ഏറെ നിര്‍ണായകമാണ്. മെയ് 15ന് രാവിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാത്തിരിക്കുമ്പോള്‍ മൂന്ന് പാര്‍ട്ടികളും വലിയ സന്ദേഹത്തിലായിരുന്നു. ആര് കന്നഡ നാട്ടില്‍ വാഴുമെന്നായിരുന്നു അവരെയെല്ലാം അലട്ടിയിരുന്ന സംശയം.
എന്നാല്‍, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാത്തിരുന്നതിനേക്കാള്‍ ചൂടോടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണാടകത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറക്കമൊളച്ചിരിക്കുന്നത്.
കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ ബിജെപിയാകട്ടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ വ്യക്തമായ ഭൂരിപക്ഷം തങ്ങള്‍ക്ക് ഉണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
അതിന് പിന്നാലെയാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. തുടര്‍ന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടുതല്‍ ചൂട് പിടിച്ചു. കേസ് സുപ്രീം കോടതിയിലേക്ക്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയാന്‍ നിയമപരമായി സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് അത് തിരിച്ചടിയായി. എന്നാല്‍, ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പ് നല്‍കി ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കണമെന്ന് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ബിജെപിയോട് ആവശ്യപ്പെട്ടു. ബിജെപി ക്യാമ്പ് പ്രതിരോധത്തിലായി. കോണ്‍ഗ്രസ് ക്യാമ്പ് പ്രതീക്ഷയോടെ ഉയിര്‍ത്തെഴുന്നേറ്റു. നാടകീയതകള്‍ക്കൊടുവില്‍ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
എന്നാല്‍, ഇന്ന് സുപ്രീം കോടതിയില്‍ ബിജെപി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത് ഹാജരാക്കിയെങ്കിലും അതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. അതോടെ വീണ്ടും ബിജെപി പ്രതിരോധത്തിലായി. ശനിയാഴ്ച വൈകീട്ട് നാലിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ബിജെപിയോട് ആവശ്യപ്പെട്ടു.
നാളെ വൈകീട്ട് നാല് മണിവരെ കര്‍ണാടകത്തിന് ഉറക്കമില്ലാത്ത രാത്രിയാണ്. ബിജെപിയും, കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യവും നാളെ സഭയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാനാണ് കാത്തിരിക്കുന്നത്. ആരെങ്കിലും ഒരാള്‍ വാഴുന്നതിനും ഒരാള്‍ വീഴുന്നതിനും നാളെ കര്‍ണാടകത്തിലെ വിധാന്‍ സൗദ സാക്ഷിയാകും. എന്നാല്‍, വീഴ്ചയ്ക്കും വാഴ്ചയ്ക്കും ഇടയില്‍ നിരവധി ട്വിസ്റ്റുകളാണ് കര്‍ണാടകം കാത്തിരിക്കുന്നത്.
പ്രതിരോധത്തിലായി ബിജെപി:
നിലവിലെ സാഹചര്യമനുസരിച്ച് ബിജെപിയും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ യെദ്യൂരപ്പയും പ്രതിരോധത്തിലാണ്. 104 സീറ്റുകളാണ് ബിജെപിക്ക് ഇപ്പോള്‍ ഉള്ളത്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 112 സീറ്റുകളുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്. നാളെ നാല് മണിക്ക് വിധാന്‍ സൗദയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ആ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കണം. അങ്ങനെ സാധിക്കാതെ വന്നാല്‍ യെദ്യൂരപ്പ മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടി വരും.
എങ്ങനെ 112 എന്ന നമ്പരിലേക്ക് എംഎല്‍എമാരുടെ എണ്ണത്തെ എത്തിക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ബിജെപി ക്യാമ്പ് ചര്‍ച്ച ചെയ്യുന്നത്. നിലവില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്താല്‍ മാത്രമാണ് 112 എന്ന മാജിക് നമ്പരിലേക്ക് ബിജെപി എത്തുക. അത് അത്ര എളുപ്പമുള്ള കാര്യമല്ല.
ബിജെപിക്ക് സുപ്രീം കോടതിയില്‍ നിന്ന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
-ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ ദിവസം വേണമെന്നായിരുന്നു ബിജെപിയുടെ ആദ്യ വാദം. എന്നാല്‍, സുപ്രീം കോടതി അത് തള്ളി കളഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഞായറാഴ്ച വരെയെങ്കിലും സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അതും കോടതി നിഷേധിച്ചു.
-വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ വേണമെന്നായിരുന്നു ബിജെപിയുടെ അടുത്ത ആവശ്യം. അതും കോടതി നിഷ്‌കരുണം തള്ളി കളഞ്ഞു. കൂറുമാറ്റ നിരോധന നിയമം നിലനില്‍ക്കുന്നതിനാല്‍ സഭയ്ക്കുള്ളില്‍ കൈ ഉയര്‍ത്തി വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു കോടതിയുടെ പക്ഷം. അവിടെയും ബിജെപി പ്രതിരോധത്തിലായി. കൈ ഉയര്‍ത്തിയുള്ള വോട്ടിംഗ് രീതി ആയതിനാല്‍ എംഎല്‍എമാര്‍ കൂറുമാറില്ലെന്ന് ഉറപ്പായി.
112 എന്ന മാജിക് നമ്പറിലെത്താന്‍ ബിജെപിയുടെ മുന്നിലുള്ള വഴി ഓരോന്നായി അടയാന്‍ തുടങ്ങിയിരിക്കുകയാണ്. നിലവില്‍ ബിജെപിക്ക് മുന്‍പിലുള്ള ഏക വഴി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിലുള്ള എംഎല്‍എമാരില്‍ തങ്ങളോട് കൂറുള്ളവരെ പുറത്തെത്തിച്ച് രാജി വെപ്പിക്കുക എന്നതാണ്. അതിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുക. അവിടെയും മറ്റൊരു വിലങ്ങുതടി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യമാണ്. അങ്ങനെയൊരു ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിലാകും എതിരാളി മത്സരിക്കുക. ഇവിടെ ബിജെപിക്ക് വിജയിക്കുക ഏറെ ബുദ്ധിമുട്ടാണ്.
ഇത്രയും വലിയ പ്രതിരോധത്തിനിടയിലാണ് നാളെ വിധാന്‍ സൗദയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി നേതാക്കള്‍ നൂറ് ശതമാനം ഉറപ്പോടെ പറയുന്നത്. 120 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ബിജെപി എംപി ശോഭ കരന്തലജെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ഇവിടെയാണ് സാധാരണക്കാര്‍ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നത്. ഇത്രയും പ്രതിരോധത്തിനിടയില്‍ എങ്ങനെ 120 എംഎല്‍എമാരെ വിശ്വാസവോട്ടെടുപ്പില്‍ അണിനിരത്തുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
അമിത് ഷാ എന്ന ചാണക്യതന്ത്രജ്ഞനും ‘ഓപ്പറേഷന്‍ താമര’യിലൂടെ കര്‍ണാടകത്തില്‍ അധികാരം പിടിച്ചിട്ടുള്ള യെദ്യൂരപ്പയും എന്ത് ട്വിസ്റ്റാണ് വിധാന്‍ സൗദയില്‍ പുറത്തിറക്കുകയെന്നാണ് കാത്തിരിക്കുന്നത്
ഉണര്‍വിലും ഭയത്തോടെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം:
സുപ്രീം കോടതി ബിജെപിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം അല്‍പ്പം ഉണര്‍വ് നേടി കഴിഞ്ഞു. തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വം ഉറപ്പിച്ചിരിക്കുന്നത്.
117 അംഗങ്ങളുടെ പിന്തുണയുള്ളതിനാല്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ആ ഉണര്‍വിനിടയിലും അവര്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ ഭയക്കുന്നു. ബിജെപിയുടെ കുതിരക്കച്ചവടത്തിന് മുന്‍പില്‍ തങ്ങളുടെ എംഎല്‍എമാര്‍ കവാത്ത് മറക്കുമോ എന്നതാണ് ഭയത്തിന് കാരണം. 120 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന ബിജെപിയുടെ അവകാശവാദം കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ഭയപ്പെടുത്തുന്നു.
രഹസ്യ ബാലറ്റിലൂടെയല്ല നാളെ വിശ്വാസവോട്ടെടുപ്പ് നടക്കുക എന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. തങ്ങളുടെ എംഎല്‍എമാര്‍ അപ്പുറം ചാടിയില്ലെങ്കില്‍ നാളെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് സന്തോഷത്തിന്റെ ദിവസമാകും. യെദ്യൂരുപ്പ സര്‍ക്കാരിനെ താഴെയിറക്കി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം എന്നതാണ് കോണ്‍ഗ്രസും ജെഡിഎസും വിഭാവനം ചെയ്യുന്നത്.
ഇരു പാര്‍ട്ടികളിലെയും എംഎല്‍എമാര്‍ ഇപ്പോള്‍ ഹൈദരാബാദിലാണ്. ബിജെപി റാഞ്ചുമെന്ന ഭയത്താലാണ് എംഎല്‍എമാരെ അതീവ സുരക്ഷയില്‍ ഹൈദരാബാദില്‍ എത്തിച്ചിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഇവരെ ബംഗളൂരുവിലെത്തിക്കാനാണ് സാധ്യത. ശനിയാഴ്ച രാവിലെ ആയിരിക്കും വിധാന്‍ സൗദയില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. അതിന് ശേഷം വൈകീട്ട് നാല് മണിയോടെ വിശ്വാസവോട്ടെടുപ്പ് നടക്കും. വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ തങ്ങളുടെ എംഎല്‍എമാര്‍ കൂടെ നിന്നാല്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം കര്‍മാടകത്തില്‍ അധികാരമേല്‍ക്കും.
ഇനിയുള്ള മണിക്കൂറുകള്‍ കരുനീക്കത്തിന്റേതാണ്. രാഷ്ട്രീയമെന്ന ചതുരംഗ കളത്തില്‍ വിജയിക്കാന്‍ ഏത് വിധേനയും ശ്രമിക്കുകയാണ് ബിജെപി. കര്‍ണാടകത്തില്‍ താമര വിരിയിക്കാതിരിക്കാന്‍ ബിജെപിയുടെ ചതുരംഗ കളിയെ സസൂക്ഷം വീക്ഷിച്ച് എതിര്‍ സ്ഥാനത്ത് നില്‍ക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും. ഉദ്വേഗജനകമായ മണിക്കൂറുകള്‍ക്ക് ശേഷം നാളെ നാല് മണിയോടെ ഏതെങ്കിലും ഒരു വിഭാഗം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കുമ്പോള്‍ ട്വിസ്റ്റുകളുടെ പരമ്പരയ്ക്ക് വിരാമമാകും…കാത്തിരിക്കുകയാണ് ഒരു രാജ്യം മുഴുവനും…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here