കല്ല്യാണ വീട്ടിൽ പാട്ടുപാടി സോഷ്യൽ മീഡിയയിൽ വൈറലായ ആ ബാലൻ ഇതാണ് !

കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരു പാട്ടായിരുന്നു. സൂപ്പർതാരങ്ങളുടെയൊന്നുമല്ല, ഒരു സാധരണ കല്ല്യാണവീട്ടിൽ ഒരു കൊച്ചുകുട്ടി പാടിയ പാട്ട്. ലക്ഷക്കണക്കിനാളുകളാണ് ആ വീഡിയോ അന്ന് കാണുകയും പങ്കുവെക്കുകയും ചെയ്തത്. വീഡിയോ കണ്ട എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഒരു കാര്യം മാത്രം ആരാണ് ആ ബാലൻ ?
അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കുമെല്ലാം വിരാമമിട്ട് ഇന്ന് ആ ബാലനെ ഫ്‌ളവേഴ്‌സ് ടിവി തേടിപ്പിടിച്ച് കോമഡി ഉത്സവം വേദിയിലെത്തിച്ചിരിക്കുകയാണ്.
ജ്യോതിഷ് കുമാർ. അതാണ് ആ കുട്ടിയുടെ പേര്. മുണ്ടക്കയം സിഎംഎസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ജ്യോതിഷ്. കോട്ടയം മുണ്ടക്കയം സ്വദേശിയായ ജ്യോതിഷിന് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തത് അച്ഛൻ സുരേഷാണ്.
ജന്മനാ തന്നെ ജ്യോതിഷിന്റെ ഒരു കാലിന് നീളം കുറവാണ്. പാട്ടിനോട് ചെറുപ്പംമുതലേ താൽപര്യമുണ്ടായിരുന്ന ജ്യോതിഷ് വീട്ടിലും സ്‌കൂളിലുമെല്ലാം പാടുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ബന്ധുവിന്റെ വിവാഹത്തിന് ‘മാനത്തെ മാരിക്കുറുമ്പേ’ എന്ന ഗാനം ജ്യോതിഷ് പാടുന്ന വീഡിയോ നാട്ടുകാരനും സാമൂഹ്യപ്രവർത്തകനുമായ കലേഷ് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തു. ഫേസ്ബുക്കും, വാട്ട്‌സാപ്പും കടന്ന് ജനമനസ്സുകളിലേക്കാണ് ആ പാട്ട് ജ്യോതിഷിനെ കൊണ്ടെത്തിച്ചത്.
സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ജ്യോതിഷ് ടിവിയിലും സിഡിയിലും കേട്ടാണ് പാട്ട് പാടാൻ പഠിക്കുന്നത്. ജ്യോതിഷിന്റെ സംഗീതത്തോടുള്ള അഭിനിവേശം കണ്ട് ഇപ്പോൾ രണ്ട് മാസമായി ജ്യോതിഷിനെ പാട്ട് പഠിക്കാൻ വിടുന്നുണ്ട് അച്ഛൻ.
കോമഡി ഉത്സവം വേദിയിൽ ജ്യോതിഷിന്റെ പ്രകടനം കണ്ട് അവതാരകനായ മിഥുൻ, ജഡ്ജസായ ടിനി ടോം, ബിജുകുട്ടൻ, പ്രജോദ് എന്നിവർ ഞെട്ടി. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഒരു കുട്ടിയാണോ ഇത്ര നന്നായി പാടുന്നതെന്ന് അവർ അത്ഭുതപ്പെട്ടു.
jyothish comedy utsavam performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here