ബിജെപിക്ക് പാരയായത് ഉയിര്‍ത്തെഴുന്നേറ്റ പ്രതിപക്ഷ ഐക്യം
നെല്‍വിന്‍ വില്‍സണ്‍
ആരും കരുതിയിരുന്നില്ല ഇത്തരത്തിലൊരു ക്ലൈമാക്‌സ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചൂടേറിയ ദിവസങ്ങളായിരുന്നു കഴിഞ്ഞ നാല് ദിവസങ്ങള്‍. മെയ് 15ന് കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നത് മുതല്‍ ‘കര്‍നാടകം’ ആരംഭിച്ചു. നാടകമെന്ന് പറഞ്ഞാല്‍ നല്ല ഒന്നൊന്നര നാടകം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍മാര്‍ പോലും പ്രതീക്ഷിക്കാത്ത നാടകം.
ഒരു തൂക്കുമന്ത്രിസഭ കര്‍ണാടകത്തില്‍ നിലവില്‍ വരുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നെങ്കിലും നാടകത്തിന്റെ ക്ലൈമാക്‌സ് വല്ലാത്തൊരു ട്വിസ്റ്റായി പോയി. കോണ്‍ഗ്രസിന് കുമാരസ്വാമിയുടെ ജനതാദള്‍ സംഘപരിവാര്‍ ബി ടീം മാത്രമായിരുന്നു തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നത് വരെ. എന്നാല്‍, ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ബിജെപിയെ പ്രതിരോധിക്കുക എന്നത് മാത്രമായി കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യം. ദേശീയ നേതൃത്വം കയ്യും മെയ്യും മറന്ന് കര്‍ണാടകത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാതിരിക്കാന്‍ ഓട്ടപ്രദക്ഷിണം ആരംഭിച്ചു.
ഏതാനും നാളുകള്‍ക്ക് മുന്‍പ് വരെ ‘സംഘപരിവാര്‍ ബി ടീം’ എന്ന ചെല്ലപ്പേര് നല്‍കി കോണ്‍ഗ്രസ് അപമാനിച്ച ജെഡിഎസിനെ അവര്‍ തന്നെ അടുത്തേക്ക് വിളിച്ചു. മറ്റ് വഴികളില്ലായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍പില്‍. ഏറ്റവും വലിയ ഒറ്റകക്ഷിയായി സിംപിളായി വിജയിച്ച് കയറുമെന്നായിരുന്ന കോണ്‍ഗ്രസ് ക്യാമ്പിന്റെ വിശ്വാസം. അതിനാല്‍ ആദ്യം മുതലേ ബിജെപിയെ എതിര്‍ക്കുന്നതിനൊപ്പം ജെഡിഎസിനെ കൂടി കോണ്‍ഗ്രസ് പ്രതിരോധിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്റെ നേട്ടം വെറും 78 സീറ്റുകളിലൊതുങ്ങി. 37 സീറ്റ് നേടിയ ജെഡിഎസ് പിന്തുണച്ചാല്‍ മാത്രം കോണ്‍ഗ്രസിന് കര്‍ണാടകത്തില്‍ നേട്ടമുണ്ടാക്കാവുന്ന സാഹചര്യം. ഈ സാഹചര്യത്തിന് കോണ്‍ഗ്രസ് സ്വയം വിട്ടുനല്‍കി. അവിടെയാണ് ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം എങ്ങനെയായിരിക്കണമെന്ന് കോണ്‍ഗ്രസിന് ബോധ്യമായത്.
മങ്ങലേറ്റ ജനപ്രീതി വീണ്ടെടുക്കാനും ബിജെപിയെ താഴെയിറക്കാനും തനിച്ച് നിന്നാല്‍ സാധ്യമല്ലെന്ന പരമമായ സത്യം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കര്‍ണാടകത്തില്‍ നിന്ന് കോണ്‍ഗ്രസ് മനസിലാക്കി. ജെഡിഎസ് സര്‍ക്കാരിനെ വേണമെങ്കില്‍ പിന്നില്‍ നിന്ന് പോലും പിന്തുണക്കാമെന്ന നിലപാടിലായി കോണ്‍ഗ്രസ്. എന്നാല്‍, കോണ്‍ഗ്രസ് ഉയര്‍ത്തിയ പഴയ വിമര്‍ശനങ്ങളെയെല്ലാം ജെഡിഎസ് അവഗണിച്ചു. പിന്നില്‍ നിന്നല്ല, സര്‍ക്കാരിന്റെ ഭാഗമാകുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന് ജെഡിഎസ്. എങ്കിലും, മുഖ്യമന്ത്രി പദം ജെഡിഎസിന്റെ കുമാരസ്വാമിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് സന്നദ്ധമായി.
ജെഡിഎസ് പോലും ഞെട്ടിത്തരിച്ചു കാണും കോണ്‍ഗ്രസിന്റെ വച്ചുനീട്ടലില്‍. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ അധികാരത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് നിരവധി വീട്ടുവീഴ്ചയ്ക്ക് തയ്യാറായി. അതിനാലാണ് മുഖ്യമന്ത്രി പദം പോലും വെറും 37 സീറ്റുള്ള ജെഡിഎസിന് കോണ്‍ഗ്രസ് വച്ചുനീട്ടിയത്. മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് കോണ്‍ഗ്രസിന് ബോധ്യമായി.
പ്രതിപക്ഷ ഐക്യം കന്നഡ നാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാഴ്ചയല്ല കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ട്വീറ്റ് എത്തി. ‘കര്‍ണാടകത്തിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍, കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പിന് മുന്‍പേ കൈ കോര്‍ത്തിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ’ എന്നും മമത ട്വിറ്ററില്‍ കുറിച്ചു. മമതയുടെ വാക്കുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസും മറ്റ് പ്രാദേശിക പാര്‍ട്ടികളും അതേ കുറിച്ച് ഗഹനമായി ചിന്തിച്ചിരിക്കണം.
കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാതെ വന്നപ്പോള്‍ അതിനെതിരെ ഏറ്റവും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു എന്ന് യെച്ചൂരി പ്രതികരിച്ചു.
ഭൂരിപക്ഷം തെളിയിക്കാതെ യെദ്യൂരപ്പ രാജിവെച്ചപ്പോള്‍ ആദ്യ പ്രതികരണം എത്തിയത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവില്‍ നിന്ന്. തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായിരുന്നു എന്നതും ഇവിടെ ചേര്‍ത്ത് വായിക്കണം. ‘ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും യെദ്യൂരപ്പയുടെ രാജിയില്‍ സന്തോഷിക്കുമെന്നായിരുന്നു’ ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. പ്രാദേശിക രാഷ്ട്രീയത്തിന്റെ വിജയമാണ് യെദ്യൂരപ്പയുടെ രാജിയിലൂടെ വ്യക്തമായതെന്ന് മമത വീണ്ടും പ്രതികരിച്ചു.
പ്രാദേശിക നേതാക്കളുടെ ഈ ഒന്നാകലാണ് ദേശീയ രാഷ്ട്രീയത്തില്‍ വരും നാളുകളില്‍ ചര്‍ച്ചയാകുക. 2019 ലെ തിരഞ്ഞെടുപ്പില്‍ ഈസി വാക്കോവറിലൂടെ അധികാരത്തിലെത്താമെന്ന് ഉറപ്പിച്ച മോദി സര്‍ക്കാരിന് പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ ഒത്തുച്ചേരല്‍ വലിയ വെല്ലുവിളി തന്നെയാണ്… അധികാരത്തിന് വേണ്ടിയുള്ള വടംവലികള്‍ തലപൊക്കിയില്ലെങ്കില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ അണിനിരക്കുന്ന കാഴ്ചയ്ക്ക് ദേശീയ രാഷ്ട്രീയം ഉടന്‍ തന്നെ സാക്ഷിയാകും…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here