കർണാടകത്തിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് നാല് മണിക്ക്

കർണാടകത്തിൽ ബിഎസ് യെദ്യൂരപ്പയുടെ വിശ്വാസവോട്ടെടുപ്പ് ഇന്ന്. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം വൈകീട്ട് നാല് മണിക്കാണ് വോട്ടെടുപ്പ്. 221 അംഗങ്ങളുള്ള സഭയിൽ 111 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കേവലഭൂരിപക്ഷത്തിനായി മറുചേരിയിൽ നിന്ന് എംഎൽഎമാരെ കൂടെക്കൂട്ടാനുളള ശ്രമത്തിലാണ് അവസാന മണിക്കൂറിലും ബിജെപി. ബിജെപി നേതാവ് ജനാർദ്ദന റെഡ്ഢി പണം നൽകി കോൺഗ്രസ് എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ച ശബ്ദരേഖ ഇന്നലെ പുറത്തുവന്നിരുന്നു. നേരത്തെ രണ്ട് ജെഡിഎസ് എംഎൽഎമാരെ ബിജെപി തട്ടിയെടുത്തെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു.
ഉച്ചക്ക് ശേഷം മുഖ്യമ ന്ത്രി ബിഎസ് യെദിയുരപ്പ സഭയിൽ വിശ്വാസം തേടിയുള്ള പ്രമേയം അവതരിപ്പിക്കും. തുടർന്ന് പ്രമേയത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും എതിർത്ത് കോൺഗ്രസ് ജെഡിഎസ് നേതാക്കളും സംസാരിക്കും. തുടർന്നായിരിക്കും വോട്ടെടുപ്പിലേക്ക് കടക്കുക. രഹസ്യ ബാലറ്റ് വോട്ടെടുപ്പിന് ഉപയോഗിക്കരുതെന്ന് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മറ്റേത് രീതികൾ വോട്ടെടുപ്പിന് ഉപയോഗിക്കണമെന്ന കാര്യത്തിൽ പ്രോടെം സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here