നാവില്‍ രുചിയൂറുന്ന വിഭവങ്ങളുമായി ഹൈറേഞ്ചിലെ പെണ്‍കൂട്ടായ്മ

ഹൈറേഞ്ച് ജനതയുടെ നാവുകളില്‍ ബേക്കറി രുചിയുടെ മധുരം വിളമ്പി മുന്നേറുകയാണ് ബൈസണ്‍വാലി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ ‘ഫേമസ് ബേക്കറി’ എന്ന സ്ഥാപനം. സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ സംരംഭ യൂണിറ്റിനുള്ള അവാര്‍ഡും ഇത്തവണ ഫേമസ് ബേക്കറി യൂണിറ്റിനെ തേടിയെത്തി.
സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 2013-ല്‍ ബൈസണ്‍വാലി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എണ്‍പത് ലക്ഷത്തോളം രൂപാ മുതല്‍ മുടക്കി കെട്ടിടം നിര്‍മ്മിക്കുകയും തുടര്‍ന്ന് കുടുംബശ്രീ സി.ഡി.എസ്സിന് ഇത് കൈമാറുകയും ചെയ്തു. ഇതിന് ശേഷമാണ് ആദ്യഘട്ടത്തില്‍ പത്ത് വനിതകളുടെ നേതൃത്വത്തില്‍ ചെറിയ രീതിയില്‍ ബേക്കറി യൂണിറ്റ് ആരംഭിച്ചത്. പഞ്ചായത്ത് വാങ്ങി നല്‍കിയ വാഹനത്തിലാണ് സമീപ പ്രദേശങ്ങളില്‍ ബേക്കറി ഉല്‍പ്പന്നങ്ങള്‍ കടകളില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. പിന്നീട് ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവന്നതോടെ കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തരെ ഉള്‍പ്പെടുത്തി ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും പുതിയ ഇനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
ഇത്തരത്തില്‍ പ്രവര്‍ത്തനനങ്ങള്‍ വിപുലീകരിച്ചതോടെ ബേക്കറി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരുവാഹനം കൂടി വാങ്ങി ഹൈറേഞ്ചിന്റെ എല്ലാ മേഖലകളിലും ബേക്കറി ഉല്‍പ്പന്നങ്ങല്‍ എത്തിക്കുകയായിരുന്നു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ കേടാകാതിരിക്കാന്‍ രാസവസ്തുക്കളൊന്നും ഇവിടെ ചേര്‍ക്കുന്നില്ല. കടകളില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റഴിക്കാവുന്ന രീതിയിലാണ് പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹൈറേഞ്ചിന്റെ കാലത്തിനുള്ളില്‍ മധുരമായി മാറിയ പെണ്‍കൂട്ടായ്മ സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. അതുകൊണ്ടാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഈ കൂട്ടായ്മയെ തേടിയെത്തിയതും.
അധ്വാനിക്കാനുള്ള മനസ്സും, കൂട്ടായ പ്രവര്‍ത്തനവും ഉണ്ടെങ്കില്‍ ഒരുമേഖലയില്‍ നിന്നും സ്ത്രീയെ മാറ്റി നിര്‍ത്തുവാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ബൈസണ്‍വാലിയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫേമസ് ബേക്കറി എന്ന പ്രസ്ഥാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here