‘കര്‍ഷക ക്ഷേമനിധി ബില്ലിന് അംഗീകാരം’; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസിനിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.
ലിനിയടക്കം നിപ വൈറസ് ബാധിച്ചു മരിച്ച പത്തുപേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. കൂടാതെ, കോഴിക്കോട് ജില്ലയിലെ സാബിത്ത് മരണപ്പെട്ടത് നിപ മൂലമാണെന്ന് സ്ഥിരീകരിക്കുകയാണെങ്കില്‍ ആ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ അനുവദിക്കും.
നഴസ് ലിനിയുടെ മക്കള്‍ക്ക് അനുവദിക്കുന്ന തുകയില്‍ അഞ്ചുലക്ഷം രൂപ വീതം ഓരോ കുട്ടിയുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ തുകയും പലിശയും കുട്ടികള്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക. ബാക്കിയുളള തുകയില്‍ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് പലിശ രക്ഷാകര്‍ത്താവിന് പിന്‍വലിക്കാവുന്ന വിധത്തില്‍ നിക്ഷേപിക്കും.
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സ് തൊഴിലാളികളുടെയും ഓഫീസര്‍മാരുടെയും ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
ഓഖി ദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കുന്നതിന് 7.62 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു.
എല്‍ബിഎസ് സെന്‍ററിലേയും എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജുകളിലേയും ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്ത് പുതുതായി പത്ത് ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനായി 99 തസ്തികകള്‍ സൃഷ്ടിക്കും.
സംസ്ഥാനങ്ങത്ത് നൈപുണ്യവികസന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചു. ഇതനുസരിച്ച് നൈപുണ്യവികസനത്തിനുളള നയങ്ങള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാനതല കൗണ്‍സിലായിരിക്കും. തൊഴിള്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും രണ്ടു വ്യവസായ പ്രതിനിധികളും കൗണ്‍സിലില്‍ അംഗങ്ങളായിരിക്കും.
കര്‍ഷകരുടെ ക്ഷേമത്തിനും അവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ക്ഷേമനിധി രൂപീകരിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here