സമാധാനത്തിന് പരമാവധി ശ്രമം നടത്തും; കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി !- പാത്രിയര്‍ക്കീസ് ബാവ

നൂറു വർഷത്തോളം പഴക്കമുള്ള സഭാതർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണാൻ കേരളാ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ. സഭാതർക്കം സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ച് കേരളത്തിലെത്തിയ പാത്രിയര്‍ക്കീസ് ബാവ ട്വന്റിഫോർ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് വിഷയത്തിൽ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന സൂചനകൾ നൽകി മുഖ്യമന്ത്രിയ്ക്ക് നന്ദി രേഖപ്പെടുത്തിയത്.
”വിവിധ ജാതി – മത- വർഗങ്ങളിലെ ജനങ്ങൾക്ക് ഒരുമിച്ചു ജീവിക്കുന്നത്തിനു സാധിക്കും എന്ന അർഥത്തിൽ കേരളം ലോകത്തിനു തന്നെ ഒരു മഹത്തായ സന്ദേശമാണ്. ഈ സമാധാനാന്തരീക്ഷത്തിനുതകും വിധം ജീവിതമൊരുക്കുന്നതിൽ ഞങ്ങളും പരമാവധി ശ്രമിക്കും.” പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.
” സമാധാനമായ അന്തരീക്ഷം ഉണ്ടാകുന്നതിന് ആഗ്രഹിക്കുന്ന ജനതയോട് നന്ദി പറയുന്നു. ഇക്കാര്യത്തിൽ ഒരു നല്ല പര്യവസാനം ഉണ്ടാകും. ഇതിനായി പരിശ്രമിച്ച വിശ്വാസികളുടെ ആഗ്രഹവും പ്രാര്‍ത്ഥനയുമാണ് സമാധാനശ്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്.” പാത്രിയര്‍ക്കീസ് ബാവ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here