മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ പളനി അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ പളനി അന്തരിച്ചു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. കയർ ഫാക്ടറി തൊഴിലാളിയായിരുന്ന പളനി കയർ തൊഴിലാളികളെ സംഘടിപ്പിച്ചാണ് സിപിഎം നേതൃനിരയിലെത്തിയത്.
സിപിഎം മാരാരിക്കുളം ഏരിയ സെക്രട്ടറി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി കെ പളനി 1996ൽ മരാരിക്കുളം മണ്ഡലത്തിൽ മത്സരിച്ച വി എസ് അച്യുതാനന്ദൻറെ തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്ക നടപടി നേരിട്ടതോടെയാണ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായത്. വിഎസിൻറെ തോൽവിയിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് 10 വർഷമാണ് പളനിക്ക് പാർട്ടിക്ക് പുറത്ത് നിൽക്കേണ്ടി വന്നത്. സിപിഎം തിരിച്ചെടുത്തെങ്കിലും പാർട്ടി അവഗണിക്കുകയാണെന്ന് ആരോപിച്ച് ഏറെക്കാലം പാർട്ടി അംഗത്വം പുതുക്കാതെ നിൽക്കുകയും ഈയിടെ സിപിഐയിൽ ചേരുകയും ചെയ്തു.
സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here