കലാശക്കൊട്ടില്‍ ചെന്നൈ മൂന്നാമതും രാജാക്കന്മാര്

ഐപിഎല്‍ 11-ാം സീസണില്‍ ചെന്നൈ രാജാക്കന്മാര്. മൂന്നാം ഐപിഎല്‍ കിരീടമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് വെല്ലുവിളി ഉയര്‍ത്താന്‍ എതിരാളികളായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഒരുവിധേനയും സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.3 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ടോസ് ലഭിച്ച ചെന്നൈ നായകന് ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 36 പന്തില്‍ നിന്ന് 47 റണ്‍സ് നേടി ടോപ് സ്കോററായി. 25 പന്തില്‍ നിന്ന് 45 റണ്‍സ് നേടി യൂസഫ് പത്താന് പുറത്താകാതെ നിന്നു. ശിഖര്‍ ധവാന് (26), ഷക്കിബ് അല്‍ ഹസന് (23), ബ്രാത്ത്വെയ്റ്റ് (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് അതിവേഗം വിജയത്തിലേക്ക് കുതിച്ചു. 11 ഫോറുകളുടെയും എട്ട് സിക്സറുകളുടെയും അകമ്പടിയോടെ 57 പന്തില്‍ നിന്ന് 117 റണ്‍സ് നേടിയ ഷെയ്ന് വാട്സണ് ചെന്നൈയുടെ വിജയശില്പിയായി. വാങ്കഡെയില്‍ വാട്സനെ പിടിച്ചുകെട്ടാന്‍ ഹൈദരാബാദിന്റെ ബൗളിംഗ് നിരയ്ക്ക് സാധിച്ചില്ല. സുരേഷ് റെയ്ന 32 റണ്‍സ് നേടി വാട്സന് പിന്തുണ നല്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here