കര്‍ശന സുരക്ഷയില്‍ കൊളുക്കുമലയിലേക്ക് ജീപ്പ് സവാരി പുനരാരംഭിച്ചു
കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി കൊളുക്കുമലയിലേക്ക് ജീപ്പ് സവാരി പുനരാരംഭിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീപ്പ് സവാരിയ്ക്ക് അനുമതിയുള്ളത് അംഗീകൃത ഡ്രൈവര്‍മാര്‍ക്ക് മാത്രം. അനധികൃത ജീപ്പ് സവാരി തടയുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രവേശന കവാടത്തില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
കൊരങ്ങണി കാട്ടുതീ ദുരന്തത്തെ തുടര്‍ന്ന് തമിഴ്‌നാടിന്റെ ഭാഗമായ കൊളുക്കുമലയിലേക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ട്രക്കിംഗും ജീപ്പ് സവാരിയും നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നും കൊളുക്കുമലയിലേക്ക് സഞ്ചാരികളില്‍ നിന്ന് വന്‍ തുക ഈടാക്കി അനധികൃതമായി ട്രക്കിംഗ് നടത്തുന്നുവെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്തും അനധികൃത ട്രക്കിംഗ് തടയുന്നതിനായി ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊളുക്കുമലയിലേക്കുള്ള ജീപ്പ് സവാരി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ജീപ്പ് സവാരി നിലയ്ക്കുകയും ചെയ്തു. ഇതോടെ, വര്‍ഷങ്ങളായി ജീപ്പ് സവാരി നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന ജീപ്പ് ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലായി.
ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ടൂറിസം വകുപ്പടക്കമുള്ള വിവിധ വകുപ്പുകള്‍ ചേര്‍ന്ന് അര്‍ഹരായ ജീപ്പ് ഡ്രൈവര്‍മാരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കി ജീപ്പ് യാത്ര പുനരാരംഭിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. അംഗീകാരമുള്ള ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് നിലവില്‍ സഞ്ചാരികളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ സാധിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here