എനിക്കൊരു കുടുംബമുണ്ട് കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.. ഷാനുവും എഎസ്ഐയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഇങ്ങനെ

കെവിനെ കൊലപാതകത്തില്‍ അറസ്റ്റിലായ ഷാനുവും എഎസ്ഐ ബിജുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്.ഞായറാഴ്ച പുലര്‍ച്ചെ 5.35നാണ് ഷാനുവുമായി പോലീസ് സംസാരിച്ചിരിക്കുന്നത്. കെവിന് തങ്ങളുടെ അടുത്ത് നിന്ന് ചാടിപ്പോയെന്നാണ് ഷാനു പോലീസിനോട് പറയുന്നത്. കെവിന്റെ ഭാര്യയുടെ സഹോദരനാണ് ഷാനു. കെവിനെ പോലീസിന്റെ കയ്യില്‍ സുരക്ഷിതമായി ഏല്‍പ്പിക്കാമെന്നും വീട്ടിലെ നാശനഷ്ടത്തിന് പണം നല്‍കാമെന്നും ഷാനു പറയുന്നതായാണ് ഓഡിയോ ക്ലിപ്പില്‍ ഉള്ളത്. നീനുവിനെ തിരിച്ച് കിട്ടിയാല്‍ മതിയെന്നും ഷാനു പറയുന്നു.ഐജി വിജയ് സാഖറെ ഡിജിപിയ്ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഷാനു എഎസ്ഐ ബിജുവുമായാണ് ഫോണില്‍ സംസാരിച്ചതെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍ ഷാനുവും പിതാവ് ചാക്കോയും നിരപരാധികളാണെന്ന് സ്ഥാപിക്കാനായി അവര്‍ തന്നെ പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് ഇതെന്നും സംശയിക്കുന്നുണ്ട്.
ടെലിഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ഷാനു: പറ സാറെ.. കേട്ടോ. മറ്റവന്(കെവിന്) നമ്മുടെ കയ്യില്‍ നിന്നും ചാടിപ്പോയി. അവന് ഇപ്പോള്‍ അവിടെ വന്നു കാണും.
പോലീസ്: അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.
ഷാനു: (നീരസത്തോടെ) ഏ.. എവിടെയോ വച്ചുപോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടിയിലാണു വന്നത്. അതിവന്(അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ(നീനു) വേണം. പിന്നെ സാറിന്.. ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനാകില്ല. ഞങ്ങള്‍ പുള്ളിക്കാരനെ(അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം.
ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?
പോലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുമ്ട്. കതകും തല്ലിത്തകര്‍ത്തു.
ഷാനു: അതുചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്ടാക്ട് നമ്പറും പുള്ളിക്കാരന് കൊടുക്കാം. പക്ഷെ കൊച്ചിനോടൊന്നു(നീനു) പറഞ്ഞു തിരിച്ചു തരിച്ചു തരാന്‍ പറ്റുവാണെങ്കില്‍.. തരിക. ഞാന്‍ കാലുപിടിക്കാം.
പോലീസ്: എന്നെക്കൊണ്ടാകുന്നത് ഞാന്‍ ചെയ്തു തരാം ഷാനു.
ഷാനു: എനിക്കൊരു കുടുംബമുണ്ട് കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.
പോലീസ്: എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാം. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത്.
ഷാനു: ഓകെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here