കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിയാത്തതിന്റെ നിരാശയിലാണ് കോണ്‍ഗ്രസും യുഡിഎഫ് മുന്നണിയും. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ നടത്തിയ വിമര്‍ശനം യുഡിഎഫ് ക്യാമ്പില്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ആവശ്യമായ തരത്തില്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംഘടനാപ്രവര്‍ത്തനങ്ങള്‍ അത്ര മികച്ചതായിരുന്നില്ലെന്നുമാണ് വിജയകുമാര്‍ പറഞ്ഞിരുന്നത്. ഇത് യുഡിഎഫ് ക്യാമ്പിനുള്ളിലും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലും പടലപിണക്കങ്ങള്‍ക്ക് ആരംഭം കുറിച്ചു.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ അത് കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കണ്ടത്. ഒരു ബൂത്തില്‍ പോലും എല്‍ഡിഎഫിന് വെല്ലുവിളി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അതേ സമയം, കോണ്‍ഗ്രസ് വോട്ടുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമായ ലീഡ് നിലനിര്‍ത്തുകയും ചെയ്തു.
ക്രൈസ്തവ വോട്ടുകളില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. മറ്റ് ന്യൂനപക്ഷ വോട്ടുകളും യുഡിഎഫിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍, വലിയ തോതില്‍ ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് എത്തിയെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന ശേഷം മാര്‍. കൂറിലോസ് മെത്രാപ്പോലീത്ത നടത്തിയ അഭിപ്രായപ്രകടനം കൂടിയായപ്പോള്‍ അത് യുഡിഎഫിനെ വലിയ പ്രതിസന്ധിയിലാക്കി. കേരളത്തില്‍ വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നായിരുന്നു മെത്രാപ്പോലീത്ത പറഞ്ഞത്.
ക്രൈസ്തവ വോട്ടുകള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു സര്‍ക്കാരിന്റെ മദ്യനയം പ്രചാരണസമയത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമായി സ്വീകരിച്ചത്. എന്നാല്‍, മദ്യനയത്തിന് പുറത്തുള്ള പ്രചാരണവേലകള്‍ വിജയം കണ്ടില്ല.
താഴെ തട്ടില്‍ പ്രചാരണം ശക്തമാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നത് അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചയാകും. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ബൂത്തായ ചെന്നിത്തലയില്‍ പോലും കോണ്‍ഗ്രസിന് മുന്നേറ്റം നടത്താനായില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് സ്വാധീനമുള്ള ഓര്‍ത്തോഡോക്‌സ് മേഖലയിലും അദ്ദേഹത്തിന്റെ പിതാവിന്റെ വീട് ഉള്ള ബൂത്തിലും ഒരുവിധേനയും എല്‍ഡിഎഫിന് വെല്ലുവിളിയാകാന്‍ യുഡിഎഫിന് കഴിയാതെ പോയതും കോണ്‍ഗ്രസിന് വരും നാളുകളില്‍ തലവേദനയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here