‘ആരെയും മുകളില്‍ നിന്ന് കെട്ടിയിറക്കണ്ട’; കോണ്‍ഗ്രസിനുള്ളില്‍ കലാപം രൂക്ഷം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ കലാപം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് തന്നെ അടിമുടി മാറ്റത്തിന് വിധേയമാകണമെന്ന് യുവനേതൃത്വം. കാലാകാലങ്ങളായി പാര്‍ട്ടിയുടെ തണലില്‍ നേതൃസ്ഥാനം അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ പുതുമുഖങ്ങള്‍ക്കായി മാറിനില്‍ക്കണമെന്ന അഭിപ്രായമാണ് യുവ എംഎല്‍എമാര്‍ക്കുള്ളത്.
താഴെ തട്ടില്‍ നിന്ന് മാറ്റം കൊണ്ടുവരാത്ത പക്ഷം പാര്‍ട്ടി ശോഷിച്ചു പോകുമെന്ന അഭിപ്രായവും ഒരു കൂട്ടര്‍ പ്രകടിപ്പിച്ചു. പാര്‍ട്ടി നേതൃത്വത്തിലേക്ക് മുകളില്‍ നിന്ന് ആരെയും കയറുകെട്ടി താഴേക്ക് ഇറക്കേണ്ട ആവശ്യമില്ലെന്നും പല എംഎല്‍എമാരും പരസ്യമായി തന്നെ തുറന്നടിച്ചു. രാജ്യസഭയില്‍ ഒഴിവുവരുന്ന ഒരു സീറ്റിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് പുതുമുഖങ്ങളെ ഉയര്‍ത്തികൊണ്ടുവരണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് എംഎല്‍എമാരായ വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, റോജി എം ജോണ്‍, അനില്‍ അക്കരെ എന്നിവര്‍.
കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള ഒരു രാജ്യസഭാ സീറ്റിനെ ചൊല്ലിയാണ് കഴിഞ്ഞ രണ്ട് ദിവസമായി പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പ് പരസ്യമായി പ്രകടമായിരിക്കുന്നത്. പി.ജെ. കുര്യന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ഈ ഒഴിവ് വരുന്നത്. എന്നാല്‍, പി.ജെ. കുര്യനെ തന്നെ ഒരിക്കല്‍ കൂടി രാജ്യസഭയിലേക്ക് എത്തിക്കാന്‍ നേതൃത്വത്തിനുള്ളില്‍ ചര്‍ച്ച നടക്കുന്നു. ഇതിനെതിരെയാണ് യുവ എംഎല്‍എമാര്‍ രംഗത്തെത്തിയത്.
പാര്‍ലമെന്ററി അവസരങ്ങള്‍ ചില വ്യക്തികള്‍ കുത്തകയാക്കുന്നത് കോണ്‍ഗ്രസ് സംഘടനക്ക് ഭൂഷണമല്ലെന്ന് വിടി ബല്‍റാം എംഎല്‍എ തുറന്നടിച്ചു. പിജെ കുര്യനെ ഒഴിവാക്കി പകരം പാര്‍ട്ടിയിലെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു പോന്ന മറ്റ് പുതുമുഖങ്ങളെ പരിഗണിക്കണമെന്ന് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പാര്‍ട്ടിയില്‍ അനിവാര്യമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും സ്ഥാനമാനങ്ങള്‍ തറവാട്ടുവകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ല എന്നും നേതൃത്വം തിരിച്ചറിയട്ടെ എന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.
രണ്ട് തവണയില്‍ കൂടുതല്‍ ഒരു സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും ഈ മാതൃക എല്ലാവരും പിന്‍തുടരണമെന്നും സ്ഥാനമാനങ്ങള്‍ കുത്തകയാക്കി വെച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരോക്ഷമായി അനില്‍ അക്കരെ എംഎല്‍എ പ്രതികരിച്ചു. വൃദ്ധസദനമായി പാര്‍ട്ടിയെ കാണരുതെന്ന് ഹൈബി ഈഡന്‍ എംഎല്‍എയും തൊലിപ്പുറത്തെ ചികിത്സയല്ല പാര്‍ട്ടിക്ക് ആവശ്യമെന്ന് റോജി എം ജോണ്‍ എംഎല്‍എയും വിമര്‍ശനമുന്നയിച്ചു.
യുവ എംഎല്‍എമാര്‍ തങ്ങളുടെ എതിര്‍പ്പ് പരസ്യമായി പ്രകടപ്പിച്ചതോടെ പാര്‍ട്ടിയിലെ പടലപിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ക്യാമ്പിന് ഇത് വലിയ തലവേദന സൃഷ്ടിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here