ഛേത്രിക്ക് ഇന്ന് നൂറിന്റെ നിറവ്; പിന്തുണ ആവശ്യപ്പെട്ട് സച്ചിനും

ഫുട്‌ബോള്‍ ലോകത്ത് ഇന്ത്യ കേവലം ചെറിയ ടീമാണ്. ആരാധകരുടെ ആഘോഷങ്ങളും ആരവങ്ങളും കൂട്ടിനില്ലാത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ സുനില്‍ ഛേത്രി എന്നും വ്യത്യസ്തനാണ്. ലോകോത്തര താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ക്കു പിന്നിലാണ് ഗോള്‍ നേട്ടത്തില്‍ ഛേത്രി. ഇതാ, ഛേത്രിയെ തേടി മറ്റൊരു സന്തോഷം കൂടി.
തന്റെ നൂറാം മത്സരത്തിനായി ഛേത്രി ബൂട്ടണിയുകയാണ് ഇന്ന്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ തന്റെ കരിയറിലെ നൂറാം മത്സരത്തിനാണ് ഛേത്രി ബൂട്ടണിയുക. മുംബൈ അരീന സ്റ്റേഡിയത്തില്‍ വെച്ചുനടക്കുന്ന മത്സരത്തില്‍ കെനിയയാണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് നിറവില്‍ ചൈനീസ് തായ്‌പേയിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. നൂറാം അന്താരാഷ്ട്ര മത്സരത്തിനായി ബൂട്ടണിയാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുനില്‍ ഛേത്രി പങ്കുവെച്ചു. തന്റെ കരിയറില്‍ എന്നും കൂടെനിന്ന് പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദി പറയുകയും ചെയ്തു.
അതേസമയം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും കഴിഞ്ഞ ദിവസം രംഗത്തെത്തി. എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും സ്റ്റേഡിയത്തിലെത്തി ടീമിന് പിന്തുണ നല്‍കണമെന്ന് ഫുട്‌ബോള്‍ ആരാധകരോട് സച്ചിന്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഓരോ കളിക്കാരനെയും എല്ലാവരും പിന്തുണയ്ക്കണമെന്നും ഇതാണ് അതിനുള്ള സമയമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
C’mon India… Let’s fill in the stadiums and support our teams wherever and whenever they are playing. @chetrisunil11 @IndianFootball pic.twitter.com/xoHsTXEkYp
— Sachin Tendulkar (@sachin_rt) June 3, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here