മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍; പെരുന്നാള്‍ പടങ്ങള്‍ റിലീസിന് തയാര്‍

ചെറിയ ഇടവേളക്ക് ശേഷം കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളാണ് പെരുന്നാള്‍ സീസണ്‍ മുന്നില്‍ കണ്ട് റിലീസിന് തയാറെടുക്കുന്നത്.
രജനീകാന്ത് നായകനാകുന്ന ‘കാല’യാണ് ആദ്യമെത്തുക. കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനിയും ഒന്നിക്കുന്ന കാല ജൂണ്‍ 7 ന് ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ മാത്രം 300 ലധികം സ്‌ക്രീനുകളിലാണ് കാല റിലീസ് ചെയ്യുന്നത്. രജനീകാന്തിനൊപ്പം നാനാ പടേക്കര്‍, സമുദ്രക്കനി, ഹിമാ ഖുറേഷി, ഈശ്വരി റാവു തുടങ്ങിയ വലിയ താരനിരയും കാലയുടെ ഭാഗമാവുന്നുണ്ട്.
കഴിഞ്ഞ ഓണത്തിന് ശേഷം വീണ്ടും മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ മത്സരത്തിന് ഒരുങ്ങുന്നു എന്നതാണ് ഈ പെരുന്നാള്‍ റിലീസുകളിലെ പ്രത്യേകത. ഇരുപത് വര്‍ഷമായി അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു പരിചയമുള്ള ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘അബ്രഹാമിന്റെ സന്തതികളാ’ണ് മമ്മൂട്ടിയുടെ പെരുന്നാള്‍ ചിത്രം. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അഥേനി തിരക്കഥയൊരുക്കുന്ന സിനിമ എന്ന പ്രത്യേകതയും അബ്രഹാമിന്റെ സന്തതികള്‍ക്കുണ്ട്. ആന്‍സണ്‍ പോള്‍, കനിഹ, കലാഭവന്‍ ഷാജോണ്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ അണി നിരക്കുന്ന സിനിമയില്‍ ഡെറിക്ക് എബ്രഹാം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് കൊണ്ട് ഇതിനോടകം ഏറെ ശ്രദ്ധേയമായ അബ്രഹാമിന്റെ സന്തതികള്‍ ജൂണ്‍ 16 ന് 200 ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും.
അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ‘നീരാളി’യാണ് മോഹന്‍ലാലിന്റെ പെരുന്നാള്‍ റിലീസ്. വണ്ണം കുറച്ച് വലിയ മേക്ക് ഓവര്‍ നടത്തിയ ശേഷം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയോടെയാണ് നീരാളി റിലീസിന് തയാറെടുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, നദിയാ മൊയ്തു, പാര്‍വ്വതി നായര്‍ തുടങ്ങിയവര്‍ അണി നിരക്കുന്ന നീരാളി റോഡ് ത്രില്ലര്‍ മൂവിയാണ്. പതിനൊന്ന് കോടി രൂപയാണ് സിനിമയുടെ ബഡ്ജറ്റ്. ജൂണ്‍ 15 ന് സിനിമ തിയേറ്ററുകളിലെത്തും.
ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ‘ഞാന്‍ മേരിക്കുട്ടി’യും ജൂണ്‍ 15 നാണ് തിയേറ്ററിലെത്തുന്നത്. ജയസൂര്യ സ്ത്രീ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുണ്ട് ഞാന്‍ മേരിക്കുട്ടിക്ക്.
പൃഥിരാജ്-പാര്‍വ്വതി എന്നിവര്‍ ഒന്നിക്കുന്ന ‘മൈ സ്റ്റോറി’യും പെരുന്നാള്‍ റിലീസായി തിയേറ്ററിലെത്താന്‍ തയ്യാറെടുക്കുന്നുണ്ട്. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന സിനിമ ജൂണ്‍ 15 ന് റിലീസ് ചെയ്യും എന്നാണ് അണിയറക്കാരുടെ പറയുന്നത്. റോഷ്‌നി ദിനകറാണ് ചിത്രത്തിന്റെ സംവിധായിക.
ടോവിനോ തോമസ് നായകനാവുന്ന ‘മറഡോണ’ ജൂണ്‍ 22 നാണ് തിയേറ്ററുകളിലെത്തുന്നത്. വിഷ്ണു നാരായണനാണ് മറഡോണയുടെ സംവിധായകന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here