കണ്ടാൽ മുഹമ്മദ് സല തന്നെ, എന്നാൽ ഇത് സലയല്ല !

ആ ചുരുണ്ട മുടിയും താടിയുമെല്ലാം കണ്ടാൽ സല തന്നെ, എന്നാൽ അത് സലയല്ല താനും ! ഇറാഖി സ്‌ട്രൈക്കർ ഹുസൈൻ അലിയെ പലരും ഈജിപ്ഷ്യൻ സ്‌ട്രൈക്കർ മൊഹമ്മദ് സലയായി തെറ്റിധരിക്കാറുണ്ട്. പല തരത്തിലുള്ള അപരന്മാരെ കണ്ടിട്ടുണ്ടെങ്കിലും ഇജ്ജാതി ക്ലോസി ഇനഫ് ഇതാദ്യമാണെന്നാണ് ഹുസൈനെ കണ്ട എല്ലാവരും ഒന്നടങ്കം പറയുന്നത്.
ബാഗ്ദാദിൽ താമസിക്കുന്ന ഈ ഇരുപതുകാരൻ സലയോട് സദൃശ്യമുള്ള തന്റെ രൂപംകൊണ്ട് സെലിബ്രിറ്റിയായിരിക്കുകയാണ്. ദിവസവും നൂറുകണക്കിനാളുകളാണ് ഹുസൈനെ തേടി എത്തുന്നത്.
സലയെപോലെ തന്നെ ഹുസൈന്റെ നെഞ്ചിനകത്തും ഫുട്‌ബോളാണ്. ഇറാഖിലെ അൽ സവാര ക്ലബിലെ കളിക്കാരനാണ് ഹുസൈൻ. ഹുസൈന്റെ ഫുട്‌ബോൾ ട്രെയിനിങ്ങിന്റെ ആദ്യ ദിനം ‘ഹുസൈൻ അലി’ എന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ കോച്ച് അദ്‌നാൻ മുഹമ്മദ് പറഞ്ഞത് ‘അല്ല നിങ്ങൾ മൊഹമ്മദ് സലയാണ്’ എന്നായിരുന്നു.
Mohammed Salah
എസ് റോമയ്ക്ക് വേണ്ടി സല കളിച്ചുതുടങ്ങിയപ്പോൾ മുതൽ തനിക്കും സലയ്ക്കുമിടയിലെ രൂപസാദൃശ്യത്തെ കുറിച്ച് ഹുസൈന് അറിയാമായിരുന്നു. സുഹൃത്തുക്കളും മറ്റും ഹുസൈനോട് അത് പറഞ്ഞിട്ടുണ്ട്. എന്നാൽ ഹുസൈൻ അതെല്ലാം തമാശയായിട്ടെ എടുത്തിരുന്നുള്ളു.
എന്നാൽ പ്രീമിയർ ലീഗിലൂടെ സല ലോക പ്രശസ്തനായതോടെയാണ് ഹുസൈനും സലയും തമ്മിലുള്ള രൂപസാദൃശ്യം ചർച്ചയാകുന്നത്. അന്നുമുതൽ സലയുടെ ക്ലബായ ലിവർപൂളിന്റെ ചുവന്ന ടീഷർട്ടാണ് ഹുസൈനും ധരിക്കുന്നത്.
ബാഗ്ദാദിലെ ഷോപ്പിങ്ങ് മാളിലും, കടകളിലുമെല്ലാം പോകുമ്പോൾ നിരവധി പേർ ഹുസൈന് ചുറ്റുംകൂടുകയും സെൽഫി എടുക്കുകയുമെല്ലാം ചെയ്യും. ഒരിക്കൽ ലെബനീസ് ക്ലബായ അൽ അഹദിനെതിരെയുള്ള കളിക്ക് ശേഷം തനിക്കുചുറ്റുംകൂടിയ ആരാധകർക്കിടയിൽ നിന്നും വീട്ടിലേക്ക് പോകാൻ ഒന്നര മണിക്കൂറാണ് ഹുസൈൻ എടുത്തത്.
ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ലിവർപൂളും റയൽ മാഡ്രിഡും തമ്മിലുള്ള കളി കാണാൻ ഹുസൈനും പോയിരുന്നു. അന്ന് കളിക്കിടെ സലയ്ക്ക് കാലിന് മുറിവേറ്റിരുന്നു. എന്നാൽ ആരാധകരിൽ പലരും താനാണ് സലയെന്ന് വിചാരിച്ച് തന്റെയടുത്തേക്ക് എത്തിയെന്നും ഹുസൈൻ പറയുന്നു. സലയ്ക്ക് പറ്റിയ അപകടത്തിന് ശേഷം ഹുസൈന്റെ വീടിനടുത്തുള്ള ചിലരും ഹുസൈന്റെ വീട്ടിൽ വന്ന് ‘പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’യെന്ന് പറയുമായിരുന്നു.
മറ്റു ഫുട്‌ബോൾ ആരാധകരെപോലെ ഹുസൈനും സലയെന്നാൽ ജീവനാണ്. സലയെ പോലെയാണ് ഹുസൈനും ഫുട്‌ബോൾ കളിക്കുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ സല കളിക്കുന്നത് അതേപോലെ പകർത്തിയാണ് ഹുസൈൻ കളിക്കളത്തിൽ ഓരോ ചുവടുംവെക്കുന്നത്. സലയെ പോലെ ഖുറാൻ വായിക്കുകയും, എന്തിനേറെ മുസ്ലീമാകാൻ വരെ ഹുസൈൻ തയ്യാറാണ്. സലയെ മുഖാമുഖം കാണണമെന്നാണ് ഹുസൈന്റെ ജീവിതലക്ഷ്യം തന്നെ !
mohammed salah look alike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here