ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പിജെ കുര്യൻ; ഉമ്മൻ ചാണ്ടി നടപ്പാക്കുന്നത് സ്വന്തം അജണ്ട

ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ.
രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ പരാതിയില്ലെന്നും താൻ ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും പിജെ കുര്യൻ പറഞ്ഞു. രണ്ടു ഗ്രൂപ്പുകളുടെയും നേതാക്കളുടെ അനുയായികൾ പലരീതിയിലും അധിക്ഷേപിച്ചു. എന്നാൽ രമേശ് ചെന്നിത്തല തന്നെ വന്നുകണ്ട് മാപ്പുചോദിക്കുകയും അവരെ ശാസിച്ചതായി അറിയിക്കുകയും ചെയ്തെന്ന് പി.ജെ കുര്യൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി ടെലിഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല.
രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തു നിന്നും തന്നെ നീക്കാൻ ശ്രമിച്ചുവെന്നും ഉമ്മൻ ചാണ്ടി സ്വന്തം അജണ്ടയാണ് നടപ്പാക്കുന്നതെന്നും പിജെ കുര്യൻ പറഞ്ഞു. 2005 ല് സീറ്റ് നല്കാന് ഇടപെട്ടെന്ന ഉമ്മന് ചാണ്ടിയുടെ വാദം തെറ്റാണ്. ഉമ്മന് ചാണ്ടി കാര്യങ്ങളെ വളച്ചൊടിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2012ൽ മറ്റൊരാളുടെ പേര് പറഞ്ഞെന്നതിലും പൊരുത്തക്കേടുണ്ട്. പിന്നീട് സീറ്റ് ഒഴിവുവന്നപ്പോൾ എന്തുകൊണ്ട് ആ പേര് പറഞ്ഞില്ല.
ഘടകകക്ഷികളെ കൂട്ടുപിടിച്ച് ഹൈക്കമാൻഡിനെ ഉമ്മൻ ചാണ്ടി തെറ്റിധരിപ്പിച്ചുവെന്നും പിജെ കുര്യൻ പറഞ്ഞു. തനിക്കെതിരായ ഒരു കേസിലും ഒരു സഹായവും ഉമ്മൻ ചാണ്ടി ചെയ്തിട്ടില്ലെന്നും കുര്യൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയോട് വ്യക്തിപരമായി ഒരു സഹായവും ആവശ്യപ്പെട്ടില്ലെന്നും അങ്ങനെയുണ്ടെങ്കിൽ ഉമ്മൻ ചാണ്ടി അത് വെളിപ്പെടുത്തണമെന്നും കുര്യൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here