വിമര്‍ശനം അവസാനിപ്പിക്കാതെ പി.ജെ. കുര്യന്; പരസ്യ പ്രസ്താവനകള്‍ വിലക്കി രാഷ്ട്രീയകാര്യസമിതി

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് പി.ജെ. കുര്യന്. ഉമ്മന്‍ചാണ്ടിയെ മാത്രം ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് വിളിക്കുന്നത് ശരിയായ കാര്യമല്ലെന്ന് പി.ജെ. കുര്യന് ആഞ്ഞടിച്ചു. കെ.സി. വേണിഗോപാല്‍, വി.എം. സുധീരന്, കെ. മുരളീധരന് തുടങ്ങിയവരെയും ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ക്ഷണിക്കണമെന്ന് പി.ജെ. കുര്യന്. ഉമ്മന്‍ചാണ്ടിക്ക് മാത്രം ഇത്ര ആധിപത്യം നല്‍കുന്നത് ന്യായമായ സമീപനമല്ലെന്ന് പി.ജെ. കുര്യന് കുറ്റപ്പെടുത്തി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കിയ നടപടി എഐസിസി അന്വേഷിക്കണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ പി.ജെ. കുര്യന് ആവശ്യപ്പെട്ടു.
എന്നാല്‍, ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞുള്ള ആക്രമണത്തെ എ ഗ്രൂപ്പുകാര്‍ എതിര്‍ത്തു. പി.ജെ. കുര്യന്റെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ആവശ്യമില്ലാത്തതാണെന്നും ഒഴിവാക്കണമെന്നും പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാന് എന്നിവര്‍ പി.ജെ. കുര്യന് മറുപടി നല്കി. കെ. കരുണാകരനെ കുറിച്ച് എ ഗ്രൂപ്പുകാര്‍ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ഓര്‍ക്കണമെന്നായിരുന്നു എ ഗ്രൂപ്പ് നേതാക്കള്‍ക്ക് പിസി ചാക്കോ നല്കിയ മറുപടി.
നേതാക്കള്‍ ഇരുചേരികളിലായി നിലയുറപ്പിച്ചതോടെ രാഷ്ട്രീയകാര്യ സമിതി കൂടുതല്‍ ചൂടുപിടിച്ചു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും വിമര്‍ശനങ്ങളും വിലക്കിയതായി കെപിസിസി ഉത്തരവിട്ടു. യുവ എംഎല്‍എമാരുടെ പരസ്യവിമര്ശനങ്ങള്ക്കെതിരെയും നേതാക്കള്‍ രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ മോശമായി ബാധിക്കുന്ന പരസ്യപ്രസ്താവനകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന് കെപിസിസി നിര്‍ദേശിച്ചത്.
കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ കുഞ്ഞാലിക്കുട്ടിക്കും കെ.എം. മാണിക്കും എന്ത് അധികാരമാണുള്ളതെന്നും നേതാക്കള്‍ ചോദിച്ചു. പി.ജെ. കുര്യനെ കൂടാതെ മറ്റ് ചില നേതാക്കളും ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്ത് വന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കാണ് തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അവകാശം. അതില്‍ മൂന്നാമതൊരാളുടെ ആവശ്യമില്ലെന്ന് ചില നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി ഉദ്ദേശിച്ച് തുറന്നടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here