മരടിലെ വാഹനാപകടം; കുട്ടികളുടേയും ആയയുടേയും സംസ്കാരം ഇന്ന്

മരടില്‍ സ്ക്കൂള്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച് രണ്ട് കുട്ടികളുടേയും ആയയുടേയും സംസ്കാരം ഇന്ന് നടക്കും.നാലുവയസ്സുകാരായ വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ആയ ലത ഉണ്ണിയുമാണ് ഇന്നലെ വൈകിട്ടോടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. വാന്‍ ഡ്രൈവര്‍ ബാബു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. കിഡ്സ് വേള്‍ഡ് ഡേ എന്ന ഡേ കെയറില്‍ നിന്ന് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഡ്രൈവര്‍ ബാബുവിന് എതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്.
സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വാഹനം അമിതെ വേഗതയില്‍ ആയിരുന്നെന്ന് കണ്ടെത്തി. ഇടുങ്ങിയ വഴിയിലൂടെ വേഗത്തില്‍ തിരിച്ചപ്പോഴാണ് അപകടം ഉണ്ടായത്. മോട്ടോര്‍ വാഹന വകുപ്പും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് കുട്ടികളും ആയയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് കുട്ടികളെ വീടുകളിൽ എത്തിച്ച ശേഷം മൂന്ന് പേരെ കൂടി ഇറക്കാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഒരു കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here