കിമ്മും ട്രംപും കൂടിക്കാഴ്ച്ച നടത്തിയ സെന്റോസ ദ്വീപിന് രക്തത്തിന്റെ മണമുള്ള ഒരു ഭൂതകാലമുണ്ട്

ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ച്ചയ്ക്കാണ് ഇന്ന് സെന്റോസ ദ്വീപ് സാക്ഷ്യം വഹിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ്ങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ച സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലിലായിരുന്നു. കൂടിക്കാഴ്ച്ച നടക്കുന്നയിടം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചപ്പോൾ ചിലരെങ്കിലും ഞെട്ടിയിരിക്കും. കാരണം രക്തത്തിന്റെ മണമുള്ള ഇരുണ്ട ചരിത്രം പറയാനുണ്ട് സെന്റോസ ദ്വീപിന് !
മരണത്തിന് പിന്നിലെ ദ്വീപ്
സെന്റോസ എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പേ നിരവധി പേരു മാറ്റങ്ങളിലൂടെ കടന്നുപോയ ദ്വീപാണ് ഇത്. 1830ൽ പലൗ പാഞ്ജാങ് എന്നായിരുന്നു ഈ ദ്വീപിന്റെ പേര്. ‘ലോങ്ങ് ഐലൻഡ്’ എന്ന അർത്ഥം വരുന്നതായിരുന്നു ഈ പേര്. പിന്നീട് ഈ ദ്വീപിനെ ‘പലൗ ബ്ലകാങ്ങ്’ അഥവാ മരണത്തിന് പിന്നിലെ ദ്വീപ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
ഈ പേരിന് പിന്നിൽ നിരവധി കഥകളുണ്ട്. ദ്വീപിൽ യുദ്ധങ്ങളിൽ മരിച്ച യോദ്ധാക്കളുടെ ആത്മാക്കളുണ്ടെന്നും അതിനാലാണ് ഈ പേരെന്നുമാണ് ഒരു പക്ഷത്തിന്റെ വാദം. എന്നാൽ നിരവധി ബ്രിട്ടീഷ്, ചൈനീസ്, ട്രൂപ്പുകൾ അജ്ഞാത രോഗം ബാധിച്ച് ഇവിടെ മരിച്ചുവീണിട്ടുണ്ട്, അതിനാലാണ് ഈ പേരെന്നാണ് മറ്റൊരു പക്ഷം പറയുന്നത്.
ഇതൊന്നുമല്ലാതെ മൂന്നാമതൊരു കഥയൊണ്ട്. 1942 ലെ രണ്ടാം മഹായുദ്ധ കാലത്ത് സിംഗപ്പൂർ ജപ്പാന്റെ കൈയ്യിൽ എത്തി. അന്ന് ഈ ദ്വീപ് ചൈനീസ് പട്ടാളക്കാരെ കൊല്ലാനുള്ള ഇടമായാണ് കണക്കാക്കിയത്. ആയിരക്കണക്കിന് പട്ടാളക്കാരാണ് അന്ന് ഇവിടെ മരിച്ചുവീണത്.
1970 ലാണ് ദ്വീപിന് സെന്റോസ എന്ന പേര് വരുന്നത്. ‘ശാന്തിയും സമാധാനവും’ എന്നാണ് ഈ പദത്തിന്റെ അർത്ഥം.
സെന്റോസ ഇന്ന്
സെന്റോസ ഇന്ന് ഒരു പറുദീസയാണ്. ലക്ഷുറി ഹോട്ടലുകളുടേയും, സമ്പന്നതയുടേയും. വിനോദത്തിന്റെയുമെല്ലാം പറുദീസ. രാജ്യത്തെ ആദ്യത്തെ കാസിനോ വരുന്നത് സെന്റോസയിലാണ്.
500 ഹെക്ടെയറിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സിഗംപൂരിൽ നിന്നും 15 മിനിറ്റ് ദൂരം അകലെയാണ്. കേബിൾ കാർ, മോണോ റെയിൽ, ടണൽ എന്നിവ വഴിയാണ് ദ്വീപിലെത്താൽ സാധിക്കുകയുള്ളു.
കാപെല്ല
കിമ്മിന്റെയും ട്രംപിന്റെയും കൂടിക്കാഴ്ച്ച നടക്കുന്ന കാപെല്ലയ്ക്കുമുണ്ട് സവിശേഷതകൾ. 112 മുറികളാണ് ഇവിടെയുള്ളത്. ഒരു രാത്രിക്ക് 600 ഡോളർ മുതൽ രാത്രിക്ക് 10,000 രൂപ വിലമതിക്കുന്ന മുറികൾ വരെയുണ്ട് കാപെല്ലയിൽ. ലോകപ്രശസ്ഥ ഗായകരായ മഡോണ, ലേഡി ഗാഗ എന്നിവർ ഇവിടെ താമസിച്ചിട്ടുണ്ട്.
കാപെല്ലയുടെ അങ്കണത്തിൽ നിരവധി മയിലുകൾ സ്വതന്ത്രമായി പറന്നു നടക്കുന്നത് നമുക്ക് കാണാം.
ഇന്ത്യൻ സമയം 6.30 നായിരുന്നു കിം ജോങ് ഉന്നും ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയ പ്രസിഡന്റ് കിം ജോംഗ് ഉന്നും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. 1950-53 ലെ കൊറിയൻ യുദ്ധം മുതൽ ചിരവൈരികളായിരുന്നു അമേരിക്കയും നോർത്ത് കൊറിയയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here