ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പ് മാച്ച് ബോൾ കാരിയറായി രണ്ട് ഇന്ത്യൻ കുരുന്നുകൾ

ഫുട്‌ബോൾ ചരിത്രത്തിലാദ്യമായി ലോകകപ്പിൽ മാച്ച് ബോൾ കാരിയറാകാൻ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ. പത്ത് വയസ്സുകാരൻ റിഷി തേജിന്റെയും പതിനൊന്നുകാരൻ നതാനിയ ജോണിന്റെയും സന്തോഷത്തിന് അതിരില്ല. കടുത്ത ഫുട്‌ബോൾ പ്രേമികളായ ഇരുവർക്കും ഇതിലും വലുതായി എന്താണ് വേണ്ടത് ?
ബെൽജിയം-പനാമ മത്സരത്തിലാണ് മാച്ച് ബോൾ കാരിയറായി കർണാടക സ്വദേശി റിഷി തേജ് എത്തുന്നത്. ബ്രസീൽ-കോസ്റ്റ റിക മത്സരത്തിലാണ് തമിഴ്‌നാട് സ്വദേശി നതാനിയ ജോൺ എത്തുന്നത്.
പത്തിനും പതിനാല് വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി കിയ മോട്ടോഴ്‌സ് ഇന്ത്യ ഒരു ഒഡീഷൻ സംഘടിപ്പിച്ചിരുന്നു. കിയ ഒഫീഷ്യൽ മാച്ച് ബോൾ കാരിയറാകാനായിരുന്നു ഇത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ട്രയൽ സംഘടിപ്പിച്ചത്. ഗുരുഗ്രാമിലായിരുന്നു ട്രയലുകൾ നടന്നത്.
1600 കുട്ടികളാണ് ഇതിൽ പങ്കെടുത്തത്. ഇതിൽ നിന്നും 50 കുട്ടികളെയാണ് ഷോർട്ട് ലിസ്റ്റ് ചെയ്തത്. കുട്ടികളെല്ലാം ഒന്നിനൊന്ന് മികച്ചതായതുകൊണ്ട് ഷോർട്ട് ലിസ്റ്റ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടു ഛേത്രിക്ക്.
ഒടുവിൽ 1550 കുട്ടികളെ പിന്നിലാക്കി 50 കുട്ടികൾ ഫൈനലിൽ എത്തി. അതിൽ നിന്നും ടിവിയിൽ മാത്രം കണ്ട ഫുട്‌ബോൾ താരങ്ങൾക്കൊപ്പം പിച്ചിലേക്ക് നടക്കാനുള്ള ഭാഗ്യം ലഭിച്ചത് രണ്ട് കുട്ടികൾക്ക് മാത്രം.
നതാനിയയ്ക്കും റിഷിക്കും ഭാവിയിൽ ലോകമറിയുന്ന ഫുടേബോൾ കളിക്കാരാകണമെന്നാണ് ആഗ്രഹം. ആ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായാണ് ഇരുവരും ഇതിനെ കാണുന്നതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here