‘എസ്‌കോബാര്‍’; കണ്ണീരുണങ്ങാത്ത കാല്‍പന്തുചരിത്രം

സോച്ചിയില്‍ കറുത്ത കുതിരകളെന്ന് വിശേഷണമുള്ള ബല്‍ജിയം അവരേക്കാള്‍ ദുര്‍ബലരായ പനാമയെ നേരിടുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ ബല്‍ജിയം കറുത്ത കുതിരകള്‍ക്ക് ചേര്‍ന്ന പ്രകടനം കാഴ്ചവെച്ചു. ഒടുവില്‍, ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബല്‍ജിയം വിജയം സ്വന്തമാക്കി. സോച്ചിയിലെ സ്‌റ്റേഡിയത്തില്‍ പനാമ തങ്ങളാല്‍ കഴിയുന്നവിധം കറുത്ത കുതിരകളെ പൂട്ടാന്‍ നോക്കി. എന്നാല്‍, വിജയം സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍, മത്സരത്തിലുടനീളം ഒരു പനാമ താരത്തെ എല്ലാ ഫുട്‌ബോള്‍ ആരാധകരും ശ്രദ്ധിച്ചു. നാലാം നമ്പര്‍ ജഴ്‌സിയില്‍ പനാമയ്ക്കായി പന്ത് തട്ടുന്ന എസ്‌കോബാറാണ് താരം. ‘എസ്‌കോബാര്‍’ എന്ന പേര് വേദനയോടെയല്ലാതെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഓര്‍ക്കാന്‍ കഴിയില്ല. ഫുട്‌ബോള്‍ മൈതാനത്ത് ആ പേരില്‍ മറ്റൊരു താരത്തെ കാണുമ്പോള്‍ വലിയൊരു നീറ്റലാണ്. 24 വര്‍ഷം പിന്നിട്ടിട്ടും എസ്‌കോബാര്‍ എന്ന പേരിലെ കണ്ണീരിന്റെ നനവ് ഉണങ്ങിയിട്ടില്ല.
1994ലെ അമേരിക്കന്‍ ലോകകപ്പില്‍ ഒരു സെല്‍ഫ് ഗോള്‍ നേടിയതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കൊളംബിയ താരം എസ്‌കോബാറാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ രക്തസാക്ഷി. ഇന്നലെ ബല്‍ജിയത്തിനെതിരെ കളത്തിലിറങ്ങിയ പനാമ താരത്തിന്റെ പേരും എസ്‌കോബാര്‍ എന്ന് തന്നെയാണ്. ഫുട്‌ബോള്‍ മൈതാനത്ത് എസ്‌കോബാര്‍ എന്ന പേരില്‍ മറ്റൊരു താരം കൂടി പന്ത് തട്ടുമ്പോള്‍ വേദനയോടെയല്ലാതെ ആ കാഴ്ച കാണാന്‍ കഴിയില്ല യത്ഥാര്‍ഥ ഫുട്‌ബോള്‍ സ്‌നേഹിക്ക്. റഷ്യന്‍ ലോകകപ്പില്‍ കൊളംബിയ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 1994 ലോകകപ്പും അതേ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും അവര്‍ക്ക് മറക്കാന്‍ സാധിക്കുമോ?
അമേരിക്കയില്‍ നടന്ന അന്നത്തെ ലോകകപ്പില്‍ കൊളംബിയയുടെ ഡിഫന്ററായ ആന്‍ഡ്രിയസ് എസ്‌കോബാര്‍ രാജ്യത്തിന്റെ വില്ലനായി. ആതിഥേയരായ അമേരിക്കയ്‌ക്കൊപ്പം ‘എ’ ഗ്രൂപ്പിലായിരുന്നു കൊളംബിയ. ആ വര്‍ഷത്തെ ലോകകപ്പില്‍ നിന്ന് കൊളംബിയ പുറത്തായത് ഒരൊറ്റ സെല്‍ഫ് ഗോളിന്റെ പേരിലായിരുന്നു. 1994 ജൂണ്‍ 22 ന് റോസ് ബൗളില്‍ നടന്ന മത്സരമായിരുന്നു എസ്‌കോബാര്‍ എന്ന കൊളംബിയന്‍ താരത്തിന്റെ വിധി നിര്‍ണയിച്ചത്. ‘പാളിച്ചകളില്ലാത്ത പ്രതിരോധനിരയുടെ കാവലാള്‍’ എന്ന് വിശേഷണമുള്ള എസ്‌കോബാറിനെ വിധി തിരിഞ്ഞുകൊത്തിയ കാഴ്ച. അമേരിക്കക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ എസ്‌കോബാറിന്റെ കാലുകള്‍ കൊളംബിയയുടെ പതനത്തിന് കാരണമായി. മത്സരത്തിന്റെ 35-ാം മിനിറ്റില്‍ കൊളംബിയയുടെ ഏറ്റവും മികച്ച പ്രതിരോധഭടന്‍ എന്ന് വിശേഷമുള്ളവന് വീഴ്ച പറ്റി…ആരും പ്രതീക്ഷിക്കാത്ത സമയത്ത് കൊളംബിയയുടെ പോസ്റ്റില്‍ ഒരു സെല്‍ഫ് ഗോള്‍!!!
മത്സരത്തിന്റെ 52-ാം മിനിറ്റില്‍ സ്റ്റ്വിവാര്‍ട്ടിലൂടെ അമേരിക്കയുടെ രണ്ടാമത്തെ ഗോളും പിറന്നു. കൊളംബിയ ലോകകപ്പില്‍ നിന്ന് പുറത്തുപോകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ കഴിയാതെ കൊളംബിയ തലകുനിച്ചു നിന്നു. അമേരിക്ക രണ്ടാമത്തെ ഗോള്‍ നേടി എന്ന ഒറ്റകാരണത്താല്‍ എസ്‌കോബാറിന്റെ ഓണ്‍ ഗോള്‍ കാര്യമായ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കില്ലെന്ന് ഫുട്‌ബോള്‍ ലോകം വിലയിരുത്തി. എന്നാല്‍, മത്സരത്തിന്റെ 90-ാം മിനിറ്റില്‍ വലെന്‍സിയയിലൂടെ അമേരിക്കയുടെ ഗോള്‍ വല കൊളംബിയ കുലുക്കി (മത്സരം 2 – 1). കൊളംബിയയുടെ പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്ന എസ്‌കോബാറിന്റെ മുഖം വിളറി. അയാളുടെ ബലമുള്ള കാലുകള്‍ വിറക്കാന്‍ തുടങ്ങി. മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങി…അമേരിക്ക വിജയികളാകുന്നു. ലോകകപ്പില്‍ നിന്ന് കൊളംബിയ പുറത്തേക്ക്…
35-ാം മിനിറ്റിലെ എസ്‌കോബാറിന്റെ ഓണ്‍ ഗോള്‍ വില്ലനാകുന്ന കാഴ്ച. ഫുട്‌ബോള്‍ ലോകം മുഴുവന്‍ വിധിയെഴുതി എസ്‌കോബാറിന്റെ ഓണ്‍ ഗോളാണ് കൊളംബിയയെ പുറത്താക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്ന്. വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന് ലോകം കരുതിയെങ്കിലും തങ്ങളുടെ പ്രിയ താരത്തിനെതിരെ കൊളംബിയയിലെ കാല്‍പന്ത് ആരാധകര്‍ വലിയ പ്രതിഷേധം നടത്തിയില്ല. എല്ലാവര്‍ക്കും എസ്‌കോബാര്‍ പ്രിയപ്പെട്ടനവായിരുന്നു. ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ നിരാശ ആരും എസ്‌കോബാറിനോട് പ്രകടിപ്പിച്ചില്ല. എന്നാല്‍, എസ്‌കോബാറിന്റെ കാലുകള്‍ കൊളംബിയക്ക് വേണ്ടി പിന്നീട് പന്തു തട്ടിയില്ല. കൊളംബിയയുടെ ആ രണ്ടാം നമ്പര്‍ ജഴ്‌സിയെ മരണം കവര്‍ന്നെടുത്തു!!! “നിങ്ങള്‍ നല്ല കളിക്കാരനായിരിക്കാം..പക്ഷേ, നിങ്ങളുടെ കാലില്‍ നിന്ന് പിറന്ന ഒരു ഗോളിലാണ് രാജ്യം തോറ്റിരിക്കുന്നത്. നിങ്ങള്‍ ഇനിയും ജീവിക്കാന്‍ പാടുള്ളതല്ല”…അയാള്‍ക്ക് നേരെ അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ത്തു!!! സംഭവം നടന്നത് ഇങ്ങനെയാണ്…
1994 ലോകകപ്പില്‍ നിന്ന് ടീം പുറത്തായ ശേഷം ലാസ് വേഗസിൽചെന്ന് ബന്ധുക്കളെ സന്ദർശിക്കുന്നതിന് പകരം എസ്‌കോബാർ കൊളംബിയയിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ജൂലൈ 1 വൈകീട്ട് (ലോകകപ്പിൽ നിന്നും കൊളംബിയയെ പുറത്താക്കി അഞ്ച് ദിവസത്തിന് ശേഷം) എസ്‌കോബാർ തന്റെ സുഹൃത്തുക്കളെ വിളിച്ച് മെഡലിനിലെ ബാറിൽ പോയി. അതിന് ശേഷം എൽ ഇൻഡിയോ നൈറ്റ് ക്ലബിൽ പോയി. ശേഷം പലവഴിക്കായി സുഹൃത്തുക്കൾ പിരിഞ്ഞു. വെളുപ്പിന് മൂന്ന് മണിക്ക് എൽ ഇന്‍ഡിയോയിലെ പാർക്കിങ്ങ് ലോട്ടിൽ തനിച്ചിരിക്കുമ്പോഴാണ് മൂന്ന് പേർ പ്രത്യക്ഷപ്പെട്ടത്. അവർ അദ്ദേഹവുമായി വാക്കുതർക്കത്തിലേർപ്പെട്ടു. അതിൽ രണ്ടുപേർ തോക്കെടുത്തു എസ്‌കോബറിനെ വെടിവെച്ചു!!!. 38 കാലിബർ പിസ്റ്റൾ കൊണ്ട ആറ് തവണയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഓരോ വെടിക്ക് ശേഷവും കൊലപാതകി ‘ഗോൾ…ഗോൾ’ എന്ന് നിലവിളിച്ചതായാണ് റിപ്പോർട്ട്. എസ്‌കോബാറിനെ മരണത്തിന് വിട്ട് അവർ ടൊയോട്ട പിക്കപ്പ് ട്രക്കിൽ സ്ഥലം വിട്ടു. എസ്‌കോബാറിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 45 മിനിറ്റിന് ശേഷം മരിച്ചു.
അദ്ദേഹത്തിന്റെ ഗോളിനുള്ള ശിക്ഷയെന്നോണമായിരുന്നു കൊലപാതകം. 1,20,000 പേരാണ് എസ്‌കോബറിന്റെ സംസ്‌കാരത്തിൽ പങ്കെടുത്തത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി മെഡിലിനിൽ ജൂലൈ 2002 ൽ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഹുംബെര്‍ട്ടോ കാസ്‌ട്രോ എന്ന വ്യക്തിയെ ജൂലൈ 2 ന് കൊലപാതകത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. എസ്‌കോബാറിനെ കൊന്നതായി അയാൾ കുറ്റം സമ്മതിച്ചിരുന്നു.
ഇന്നലെ മൈതാനത്ത് എസ്‌കോബാറെന്ന പേരില്‍ മറ്റൊരു കളിക്കാരന്‍ പന്ത് തട്ടിയപ്പോള്‍ എല്ലാ ഫുട്‌ബോള്‍ പ്രേമികളും കൊംളബിയയുടെ എസ്‌കോബാറിന്റെ ദാരുണമായ അന്ത്യത്തെ ഓര്‍ത്തുപോയി. 2018 ലോകകപ്പിലെ ആദ്യ മത്സരത്തിനായി കൊളംബിയ ഇന്ന് കളത്തിലിറങ്ങുമ്പോഴും 24 വര്‍ഷം മുന്‍പത്തെ എസ്‌കോബാറെന്ന വേദന അവരെ അലട്ടുന്നുണ്ട്. കാല്‍പന്തുകളിയെ സ്‌നേഹിച്ചവരുടെ മനസില്‍ ആ രണ്ടാം നമ്പര്‍ ജഴ്‌സിക്കാരന്‍ ഇപ്പോഴും പന്ത് തട്ടികൊണ്ടിരിക്കുന്നുമുണ്ട്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here