Advertisement

മരിച്ച് കളിച്ചിട്ടും സ്‌പെയിന് സമനില കുരുക്ക്; പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു

June 26, 2018
7 minutes Read

സ്‌പെയിന്‍ – മൊറോക്കോ മത്സരം സമനിലയില്‍ കലാശിച്ചു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അവസാന മിനിറ്റിലാണ് സ്‌പെയിന്‍ സമനില ഗോള്‍ നേടിയത്. ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ സ്വന്തമാക്കിയാണ് സമനിലയില്‍ പിരിഞ്ഞത്. സമനില പോയിന്റുമായി ഗ്രൂപ്പ് ‘എ’ യില്‍ ജേതാക്കളായി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്തേക്ക്.

ആദ്യ പകുതിയുടെ ആരംഭത്തില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റമാണ് നടത്തിയത്. എതിരാളികള്‍ മൊറോക്കോയായതിനാല്‍ സ്‌പെയിന്‍ മത്സരത്തെ ലഘൂകരിച്ച് കണ്ടതായി തോന്നുന്ന തരത്തിലായിരുന്നു മത്സരത്തിന്റെ തുടക്കം. പലപ്പോഴും സ്പാനിഷ് താരങ്ങള്‍ അലസരായി നില്‍ക്കുന്ന കാഴ്ച. ലോകകപ്പില്‍ നിന്ന് പുറത്തായതിനാല്‍ തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്ന മട്ടില്‍ ഒരു ആശ്വാസ ജയത്തിനായി മൊറോക്കോ ആദ്യ പകുതിയില്‍ ആക്രമിച്ച് കളിച്ചു. തുടക്കത്തില്‍ കാണിച്ച അലസത സ്പാനിഷ് നിരയ്ക്ക് തിരിച്ചടിയായി. സൂപ്പര്‍ താരങ്ങളായ ആന്ദ്രേ ഇനിയെസ്റ്റയും സെര്‍ജിയോ റാമോസും തമ്മില്‍ ഉണ്ടായ ആശയകുഴപ്പം മൊറോക്കോ മുതലെടുത്തു. മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. സ്‌പെയിന്റെ സൂപ്പര്‍താരം ഇനിയസ്റ്റയില്‍ നിന്ന് ലഭിച്ച മൈനസ് പാസാണ് മൊറോക്കോ താരം ബോട്ടൈബ് ലക്ഷ്യത്തിലെത്തിച്ചത്. എന്നാല്‍, തന്റെ പിഴവിന് മിനിറ്റുകള്‍ക്കകം ഇനിയസ്റ്റ പ്രാശ്ചിത്തം ചെയ്തു. 19-ാം മിനിറ്റില്‍ ഇനിയസ്റ്റയില്‍ നിന്ന ലഭിച്ച മികച്ച പാസ് ഇസ്‌കോ മൊറോക്കോയുടെ ഗോള്‍ വലയിലെത്തിച്ചു.

പിന്നീടങ്ങോട്ട് ആക്രമിച്ച് കളിക്കുന്ന സ്‌പെയിനെയാണ് കളിക്കളത്തില്‍ കണ്ടത്. തുടരെ തുടരെ മൊറോക്കോ പോസ്റ്റിനെ ലക്ഷ്യം വെച്ച് സ്പാനിഷ് താരങ്ങള്‍ ഓടിയെത്തി. എന്നാല്‍ ഗോള്‍ നേടാന്‍ സാധിച്ചില്ല. ഗോള്‍ നേടാതെ വലഞ്ഞ സ്‌പെയിന് 81-ാം മിനിറ്റില്‍ തിരിച്ചടി.  മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിലൂടെയാണ് മൊറോക്കോ രണ്ടാം ഗോള്‍ നേടിയത്. പകരക്കാരനായി കളത്തിലിറങ്ങിയ 9-ാം നമ്പര്‍ താരം യൂസെഫ് എന്‍നേസറി കോര്‍ണര്‍ കിക്കിനെ ബുള്ളറ്റ് ഹെഡറിലൂടെ സ്‌പെയിന്റെ ഗോള്‍ വലയിലെത്തിച്ചു.

സ്‌പെയിന്‍ തോല്‍വി ഉറപ്പിച്ച സമയത്താണ് ഇയാഗോ അസ്പാസിലൂടെ ഭാഗ്യം അവരെ തുണച്ചു. എന്നാല്‍, റഫറി ഓഫ് സൈഡ് വിളിച്ചു. ഗോള്‍ ലഭിക്കാതെ വന്നപ്പോള്‍ സ്‌പെയിന്‍ വിഎആര്‍ സഹായം ആവശ്യപ്പെട്ടു. വീഡിയോ പരിശോധനയില്‍ ഓഫ് സൈഡ് കോള്‍ റഫറി തിരുത്തി. സ്‌പെയിന് ആശ്വാസം. ഇയാഗോ അസ്പാസ് നേടിയ ട്രിക്കി ഗോള്‍ അംഗീകരിച്ചതോടെ മത്സരം സമനിലയില്‍ കലാശിച്ചു. 90+ 1 മിനിറ്റിലായിരുന്നു സ്‌പെയിന്റെ അഭിമാനം കാത്ത സമനില ഗോള്‍ പിറന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top