Advertisement

“സംഘടനയില്‍ മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെയുണ്ട്”; ‘അമ്മ’യിലെ പ്രതിസന്ധിയെക്കുറിച്ച് ജോയ് മാത്യുവിന്റെ കുറിപ്പ്

June 28, 2018
Google News 1 minute Read

‘അമ്മ’യിലെ പ്രതിസന്ധിയെക്കുറിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു നിലപാട് വ്യക്തമാക്കുന്നു. താന്‍ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് ‘അമ്മ’. ഈ സംഘടനയില്‍ മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെയുണ്ട്. ഒരു സംഘടനയിലെ പ്രശ്‌നങ്ങള്‍ അതിനുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യുകയാണ് ജനാധിപത്യരീതി. ഇപ്പോള്‍ അമ്മയെന്ന സംഘടനയില്‍ നടക്കുന്നതും അതുപോലെ കണ്ടാല്‍ മതി. സംഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് രാജിവെക്കാനുള്ള അവകാശമുണ്ട്. നാല് അംഗങ്ങള്‍ അമ്മയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് തന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് തന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് പറയാനുള്ളത് ഇതാണ്…അമ്മയുടെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ഇടതുപക്ഷ എംപിയുമായ ഇന്നസെന്റ്, ഇടതുപക്ഷ എംഎല്‍എമാരായ ശ്രീ. മുകേഷ്, ശ്രീ. ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിഞ്ഞിട്ട് വേണം തനിക്ക് പ്രതികരിക്കാനെന്നും സംഘടനയിലെ ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനാണ് താനെന്നും ജോയ് മാത്യു ബ്ലോഗില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

“ദാ ഇപ്പൊ ശരിയാക്കിത്തരാം”എന്നത് സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാം. എന്നാൽ അത് ശരിക്കും നമ്മളെ വിശ്വസിപ്പിച്ചത് എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പൊഴാണു. ഞാനും അത് വിശ്വസിച്ച് അതോടൊപ്പം നിന്നു. അതാണല്ലോ അതിന്റെ ഒരു ശരി. “അമ്മ” എന്നത് ഞാൻ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ്. അതിൽ മുതലാളിമാർ മുതൽ ക്ലാസ് ഫോർ ജീവനക്കാർ വരെയുണ്ട് ,നമ്മുടെ രാഷ്ട്രീയ പാർട്ടികളെപ്പോലെയൊക്കെത്തന്നെ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത്. സംഘടക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനക്കുള്ളിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി , രാഷ്ട്രീയ പാർട്ടികൾ തുടങ്ങി പത്രപ്രവത്തക  യൂണിയനിൽ
വരെ നടക്കുന്ന കാര്യങ്ങൾ സംഘടനക്കു പുറത്ത് ചർച്ച ചെയ്യാറില്ലല്ലോ. ഇതും അതുപോലെ കണ്ടാൽ മതി. സംഘടനയിൽ വിശ്വാസമില്ലാത്തവർക്ക് രാജിവെക്കുന്നതിനും അവകാശമുണ്ട്. അങ്ങിനെ “അമ്മ” യിലെ നാല് അംഗങ്ങൾ രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു. അതിന്റെ അടിസ്ഥാനത്തിൽ എനിക്ക് പറയുവാനുള്ളത് ഇതാണ് നേരത്തെ ഞാൻ പറഞ്ഞല്ലോ എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച്  പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് ബഹുമാനപ്പെട്ട വി.എസ്  ,പാർട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവർ രാജിവെച്ച  നടികൾക്ക് പിന്തുണയുമായി രംഗത്ത് വന്നു. ഇത്തരുണത്തിൽ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം പി യായ സഖാവ് ഇന്നസെന്റ് ,ഇടതുപക്ഷ എം എൽ എ മാരായ ശ്രീ മുകേഷ് ,ശ്രീ ഗണേഷ് കുമാർ എന്നിവർ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് ഞാൻ. അവർ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാൻ താമസിയാതെ  അതുണ്ടാവും എന്ന് മാത്രം ഇപ്പോൾ പറയാം. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here