എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനിയെ സഹപാഠികൾ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥികൾ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി പരാതി. ആന്ധ്രാപ്രദേശിലാണ് സംഭവം.
കൃഷ്ണ ജില്ലയിലെ അഗിരിപള്ളിയിലെ കോളേജ് വിദ്യാർഥിനിയാണ് പരാതിക്കാരി. സീനിയർ വിദ്യാർഥികളായ വംശി, ശിവ റെഡ്ഡി എന്നിവർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതികളായ വംശിയും ശിവ റെഡ്ഡിയും ചേർന്ന് ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പെൺകുട്ടിയെ കൊണ്ടുപോയി. അവിടെവെച്ച് മയക്കുമരുന്നു കലർത്തിയ ജ്യൂസ് നൽകി ബോധം മറഞ്ഞ ശേഷം പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിനു പിന്നാലെ വിദ്യാർഥിനി കോളേജ് അധികൃതരെ സമീപിച്ചെങ്കിലും പോലീസിൽ വിവരം അറിയിക്കാൻ അവർ തയ്യാറായില്ല. പകരം ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനും തന്നോടു മാപ്പു പറയാനുമാണ് കുറ്റക്കാരായ ആൺകുട്ടികളോട് കോളേജ് അധികൃതൽ ആവശ്യപ്പെട്ടതെന്നും പെൺകുട്ടി പരാതിയിൽ ആരോപിച്ചു.
എന്നാൽ കോളേജ് അധികൃതരുടെ മധ്യസ്ഥശ്രമത്തിനു ശേഷം വംശിയും ശിവ റെഡ്ഡിയും പെൺകുട്ടിയുടെ ദൃശ്യങ്ങൾ സഹപാഠികളുമായി പങ്കുവെച്ചു. തുടർന്ന് രണ്ടുമാസം മുമ്പ് പ്രവീൺ എന്ന വിദ്യാർഥി ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയോട് പത്തുലക്ഷം രൂപ ആവശ്യപ്പെടുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് നിർബന്ധിക്കുകയും ചെയ്തു. അല്ലാത്തപക്ഷം തന്റെ കൈവശമുള്ള വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഇതുവരെ വംശിയെയും ശിവയെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here