കൈനീട്ട പരാമര്‍ശം; കമല്‍ ഖേദം പ്രകടിപ്പിച്ചു

‘അമ്മ’യിലെ കൈനീട്ടവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ ഖേദം പ്രകടിപ്പിച്ചു. കൈനീട്ടവുമായി ബന്ധപ്പെട്ട് കമല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന താരങ്ങളായ മധു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചതായി കമല്‍ അറിയിച്ചത്.
തന്റെ പരാമര്‍ശം തെറ്റിദ്ധരിപ്പിച്ചുവെന്ന് കമല്‍ പറഞ്ഞു. മുതിര്‍ന്ന താരങ്ങള്‍ക്ക് പരാമര്‍ശത്തില്‍ വേദനയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമല്‍ വ്യക്തമാക്കി. അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും കമല്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലല്ല പരാമര്‍ശം നടത്തിയതെന്നും ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
500 അംഗങ്ങളുള്ള താരസംഘടനയിൽ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനിൽക്കുന്നവരാണ്. അതിനാൽ ഒരിക്കലും അതിൽ ജനാധിപത്യം ഉണ്ടാവില്ല. അതു പ്രതീക്ഷിക്കുന്ന നമ്മൾ വിഢികളാണ്- ഇതായിരുന്നു കമലിന്റെ പരാമർശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here