മഴയുടെ ശക്തി കുറഞ്ഞു; ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് റിപ്പോര്‍ട്ട്

ജില്ലയില്‍ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് ശമനം. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് തഹസില്‍ദാര്‍മാര്‍ ജില്ലാ അടിയന്തിരഘട്ടകാര്യനിര്‍വ്വഹണകേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്‍കി. മലങ്കര ഡാമിന്റെ നാലു ഷട്ടറുകളും തുറന്നതിനാല്‍ വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ നിരപ്പും താഴ്ന്ന നിലയിലാണ്. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജിലെ രണ്ടു കുടുംബങ്ങളെ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ രാത്രി സമീപത്തുള്ള പള്ളിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചെങ്കിലും മഴയുടെ ശക്തി കുറഞ്ഞതിനാല്‍ പുലര്‍ച്ചയോടെ വീടുകളിലേക്കു മടങ്ങി.
കഴിഞ്ഞ നാലു ദിവസത്തിനിടെ ജില്ലയില്‍ 1.886 ഹെക്ടര്‍ കൃഷി നശിച്ചു. 7.33 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതോടെ ഇതുവരെയുള്ള കാലവര്‍ഷത്തില്‍ 185.492 ഹെക്ടര്‍ കൃഷിയാണ് ജില്ലയില്‍ നശിച്ചത്. 4.88 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജില്ലാ അടിയന്തിരഘട്ടകാര്യനിര്‍വ്വഹണകേന്ദ്രം അറിയിച്ചു. വാഴ, റബ്ബര്‍, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകളെയും പച്ചക്കറി കൃഷിയെയുമാണ് മഴ സാരമായി ബാധിച്ചത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും നേരത്തേ നല്‍കിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ജില്ലാ അടിയന്തിരഘട്ടകാര്യനിര്‍വ്വഹണകേന്ദ്രം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here