റോഡിന്റെ ശോച്യാവസ്ഥ; തൃശൂര്‍ മനക്കൊടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍ മനക്കൊടി വളവില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചത്. മനക്കൊടി ചാലിശേരി വീട്ടില്‍ പീറ്റര്‍ ( 52 വയസ്) ആണ് മരിച്ചത്. കാലത്ത് പത്ത് മണിയോടെയാണ് അപകടം. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. ഒളരി – കാഞ്ഞാണി റൂട്ടിലെ റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ദാരുണമായ അപകടം നടക്കുന്നത്.
പ്രതിഷേധക്കാര്‍ റോഡുപരോധിച്ചതോടെ തൃശൂര്‍- കാഞ്ഞാണി റൂട്ടിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. നിരനിരയായി കിടക്കുന്ന വാഹനങ്ങളേയും പ്രതിഷേധവുമായി എത്തിയവരേയും നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നന്നെ കഷ്‌ടപ്പെട്ടു. വെസ്റ്റ് പോലീസ് നടപടികള്‍ സ്വീകരിച്ചു.
തൃശൂരില്‍ നിന്ന് കാഞ്ഞാണിയിലേക്ക് വരുന്ന വഴിയില്‍ മനക്കൊടി ഭാഗത്ത് റോഡ് കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അധികൃര്‍ ഇതുവരെയും ഒരു നടപടികളും സ്വീകരിക്കാത്തത് സാധാരണ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. വാഹനങ്ങള്‍ കടന്നുപോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ് മനക്കൊടി തിരിവില്‍ ഇപ്പോള്‍. ഇതാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here