‘കുളം’ ‘കുളം’ എറണാ’കുളം’; മഴ കൂടിയായാൽ സബാഷ്..!

സലിം മാലിക്
മെട്രോ സിറ്റിയാണ്…! അനുദിനം വളരുന്ന വാണിജ്യ നഗരമാണ്. മാളുകളും ബഹുനില കെട്ടിടങ്ങളാലും സമ്പന്നമാണ്. പുറത്തു നിന്ന് നോക്കിയാൽ കൊച്ചി സ്വർഗമാണ്. പക്ഷേ ഈ നഗരത്തിലേക്ക് ആഴത്തിൽ കണ്ണോടിക്കുമ്പോൾ അറിയാം, നമ്മളറിയാത്ത കൊച്ചിയുടെ മറ്റൊരു മുഖം. പൊളിഞ്ഞ റോഡുകളും, ഉത്തരവാദിത്വമില്ലാത്ത മരാമത്ത് പണികളും അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിൽ പെട്ടുഴലുന്ന ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെ കൊച്ചി നഗരത്തിന്റെ മറ്റൊരു മുഖം തുറന്നു കാട്ടുന്ന അന്വേഷണ പരമ്പര…!
മണിക്കൂറിൽ കുറഞ്ഞത് ഒരു ആക്സിഡന്റ്, എം.ജി റോഡ് ജോസ് ജംഗ്ഷൻ ഇപ്പോൾ ഇങ്ങനെയാണ്.
കൊച്ചി നഗരത്തിലെ ഏറ്റവും തിരക്ക് പിടിച്ച റോഡുകളിൽ ഒന്നാണ് എം.ജി റോഡ്. മഹാരാജാസ് കോളേജും രണ്ട് പ്രമുഖ തീയേറ്ററുകളും അനവധി പ്രമുഖ വ്യാപാര സ്ഥാപനങ്ങളും ഒപ്പം റെയിൽവേ സ്റ്റേഷനിലേക്ക് പോകാനുള്ള പ്രധാന പാതയുമെല്ലാം ഉൾപ്പെടുന്ന എം.ജി റോഡിലെ ജോസ് ജംഗ്ഷൻ റോഡിന്റെ അവസ്ഥ ദയനീയമാണ്.
റോഡിന്റെ ഒത്ത നടുക്ക് ആഴത്തിലൊരു വലിയ കുഴി. ആ കുഴി അടക്കാനായി കോൺക്രീറ്റ് ടൈലുകൾ പാകിയിരിക്കുന്നു. മഴയും വെള്ളവും കയറുമ്പോൾ ഇവിടെ റോഡ് പൊളിയുന്നത് സ്ഥിരമാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാഴ്ച്ച മുൻപാണ് ഏറ്റവുമൊടുവിൽ റോഡ് പൊളിയുന്നത്. പൊളിഞ്ഞ റോഡിൽ അറ്റകുറ്റ പണിയെന്നോണം നിരത്തിയിരിക്കുകയാണ് കോൺക്രീറ്റ് ടൈലുകൾ. ശാസ്ത്രീയമായ ഒരു മാനദണ്ഡവുമില്ലാതെ ടൈലുകൾ നിരത്തി വയ്ക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. പരസ്പരം ടൈലുകൾ തമ്മിൽ ഉറപ്പിക്കുക പോലും ചെയ്തിട്ടില്ല.
ഓരോ വാഹനം പോകും തോറും ടൈലുകൾ കൂടുതൽ അകന്ന് മാറി കൊണ്ടിരിക്കുകയാണ്. ഗട്ടറിൽ ഇറങ്ങുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ വലിയ ആഘാതമാണ് സാമാന്യം വേഗതയിൽ വരുന്ന ഇരു ചക്ര വാഹനങ്ങൾ ഈ ടൈലുകളിൽ കയറുമ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നത്. അനുവദനീയമായ യു ടേൺ കൂടി ചേരുന്ന ഇവിടെ അപകടത്തിൽ പെടുന്ന കാറുകളുടെ എണ്ണത്തിനും കുറവൊന്നുമില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓരോ മണിക്കൂറിലും കുറഞ്ഞത് ഒരു ആക്സിഡന്റ് വീതം ഇവിടെ സംഭവിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. റോഡിന്റെ ശോചനീയവസ്ഥയിൽ പ്രദേശ വാസികളും യാത്രക്കാരും വ്യാപാരികളും വലിയ പ്രതിഷേധത്തിലാണ്. അധികാരികൾ സുഖ നിദ്രയിലും..!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here