‘വഴി തടഞ്ഞ് മഴ’; പത്ത് പാസഞ്ചറുകള്‍ റദ്ദാക്കി, ട്രെയിനുകള്‍ വൈകി ഓടുന്നു (യാത്രക്കാര്‍ ശ്രദ്ധിക്കുക)

കനത്ത മഴയില്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. പല ട്രെയിനുകളും വൈകി ഓടുന്നു. പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കി. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായതാണ് ഗതാഗതം താറുമാറാക്കിയത്.
കോട്ടയം, ആലപ്പുഴ വഴിയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. എറണാകുളം – നിലമ്പൂര്‍, നിലമ്പൂര്‍ – എറണാകുളം, എറണാകുളം – കായംകുളം – ആലപ്പുഴ, ആലപ്പുഴ – കായംകുളം – എറണാകുളം, എറണാകുളം – ആലപ്പുഴ, ആലപ്പുഴ – എറണാകുളം, കൊല്ലം – കോട്ടയം – എറണാകുളം, എറണാകുളം – കൊല്ലം, കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം പാസഞ്ചറുകളാണ് റദ്ദാക്കിയിട്ടുള്ളത്. കൊല്ലത്തുനിന്ന് എറണാകുളത്തേക്കുള്ള പാസഞ്ചര്‍ പിറവം റോഡ് വരെ മാത്രമേ ഓടുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നും എറണാകുളം വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയായിരിക്കും ഓടുക. തിരുവനന്തപുരത്ത് നിന്നും 4.45 ന് പുറപ്പെടേണ്ട കൊച്ചുവേളി – ബംഗളൂരു എക്‌സ്പ്രസ് 8.30 ന് മാത്രമേ പുറപ്പെടുകയുള്ളൂ. 11.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം – ത്രിച്ചി എക്‌സ്പ്രസ് ഉച്ചകഴിഞ്ഞ് 2.30 നും, 2.50 ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ 3.30 നും മാത്രമേ പുറപ്പെടുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.15 ന് തിരുവനന്തപുരത്ത് നിന്നും യാത്ര തുടങ്ങുന്ന ജനശതാബ്ദി വൈകീട്ട് 4.30 ന് മാത്രമേ പുറപ്പെടുകയുള്ളൂ. നാളെ (ചൊവ്വാഴ്ച) രാവിലെ 7.45 ന് പുറപ്പെടേണ്ട തിരുനെല്‍വേലി – ജാംനഗര്‍ എക്‌സ്പ്രസ് റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here