റാഫേല്‍ കോണ്‍ഗ്രസിന് ആയുധം: മോദിയുടെ നടപടി ദുരൂഹമെന്ന് എ.കെ. ആന്റണി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെതിരെ റാഫേല്‍ യുദ്ധവിമാന ഇടപാട് രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ് നീക്കം. 2008 ല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്തു ഫ്രാന്‍സുമായി ഒപ്പിട്ട കരാറില്‍ വില പുറത്തുവിടുന്നത് വിലക്കുന്ന വ്യവസ്ഥയുണ്ടെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനക്കെതിരെ മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി രംഗത്തെത്തി.
പ്രതിരോധമന്ത്രിയും മോദിയും റാഫേലിനെ കുറിച്ച് വ്യാജ പ്രസ്താവന നടത്തി രാജ്യത്തെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കുകയാണ്. ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാന്‍ സുരക്ഷകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോദി സ്വന്തം നിലയില്‍ തീരുമാനമെടുത്തതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. 2008 ല്‍ ഫ്രാന്‍സുമായി പ്രതിരോധ മേഖലയില്‍ ഒപ്പിട്ട കരാറാണ് ബിജെപി സഭയില്‍ ഹാജരാക്കിയത്. 2008 ല്‍ റാഫേലിനെ തിരഞ്ഞെടുത്തിട്ടുപോലുമില്ല. റാഫേല്‍ ഉള്‍പ്പെടെ ആറ് കമ്പനികളാണ് ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ ലഭ്യമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. 2012 ലാണ് റാഫേലിനെ തിരഞ്ഞെടുത്തത്. ഇടപാട് തുക സംബന്ധിച്ച് ഇരു സര്‍ക്കാറുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ യാഥാര്‍ത്ഥ്യമാക്കാനായില്ല.
LIVE: Special Congress Party briefing by former Defence Minister Shri A.K. Anthony and MP & @INCIndia‘s senior spokesperson Shri @AnandSharmaINC.#ChowkidarNahiBhagidar pic.twitter.com/6Q2j6ZrufY
— Congress Live (@INCIndiaLive) July 23, 2018
126 റാഫേല്‍ വിമാനങ്ങള്‍ക്കാണ് യുപിഎ സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. വിമാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ധാരണയുമുണ്ടായിരുന്നു. എന്നാല്‍, ബിജെപി വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചു. സാങ്കേതിക കൈമാറ്റം ഒഴിവാക്കുകയും ചെയ്തു. യുപിഎ സര്‍ക്കാര്‍ ധാരണയിലെത്തിയതിനേക്കാള്‍ ഭീമമായ തുകയ്ക്കാണ് മോദി സര്‍ക്കാര്‍ റാഫേല്‍ ഇടപാടിന് സമ്മതിച്ചത്. വില പുറത്തുവിടാന്‍ ബുദ്ധിമുട്ടില്ലെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടും മോദി അത് ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നും എ.കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here