അവരെ തോളിലേറ്റി ഒരുകൂട്ടം ചെറുപ്പക്കാര്‍; കേരളവര്‍മ അങ്കണത്തില്‍ സ്‌നേഹത്തിന്റെ കൂട്ടായ്മ

ഭിന്നശേഷിക്കാരായ 180-ല്‍പ്പരം കുട്ടികളെ അവര്‍ ഇടവേളകളില്ലാതെ സന്തോഷിപ്പിച്ചു…അവരെ തോളിലേറ്റിയും അവരെ നോക്കി പുഞ്ചിരിച്ചും ഒരുകൂട്ടം ചെറുപ്പക്കാര്‍ കേരളവര്‍മ കോളേജിന്റെ അങ്കണം സ്‌നേഹകൂട്ടായ്മയില്‍ തിളക്കമുള്ളതാക്കി. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് സ്‌നേഹത്തിന്റെയും കരുതലിന്റെയും കരങ്ങള്‍ തങ്ങള്‍ക്കരികിലേക്ക് നീളുന്നത് കണ്ട ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഈ ദിവസം എങ്ങനെ മറക്കാന്‍ സാധിക്കും?
സന്നദ്ധസംഘടനയായ ഹെല്‍പ്പിംഗ് ഹാന്‍ഡ് ഓര്‍ഗനൈസേഷനും (H2O) കേരളവര്‍മ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റും ചേര്‍ന്ന് ഓട്ടിസം ബാധിച്ച 180-ല്‍പ്പരം കുട്ടികള്‍ക്കായി ആഘോഷത്തിന്റെ ദിനമാണ് കഴിഞ്ഞ ശനിയാഴ്ച കോളേജ് മൈതാനത്ത് സംഘടിപ്പിച്ചത്. ജില്ലയിലെ എല്ലാ ഓട്ടിസം സ്‌കൂളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ആടിയും പാടിയും ആ കുരുന്നുകള്‍ക്കായി കോളേജ് വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ കേരളവര്‍മ കോളേജ് സ്‌നേഹത്തിന്റെ പൂങ്കാവനമായി.
ഭിന്നശേഷിക്കാരായ കുട്ടികളെ താങ്ങിയെടുക്കാനും അവര്‍ക്ക് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കാനും കലാലയ വിദ്യാര്‍ത്ഥികള്‍ യാതൊരു വിമുഖതയും കാണിച്ചില്ല. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി പ്രത്യേക ക്ലാസും സജ്ജീകരിച്ചിരുന്നു.
കുട്ടികള്‍ക്ക് വേണ്ടി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആരെയും മാറ്റിനിര്‍ത്താതെ എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയപ്പോള്‍ കുട്ടികളുടെ മുഖത്ത് വല്ലാത്ത സന്തോഷം…കുട്ടികളുടെ കലാപരിപാടികളും വെയേര്‍ഡ് ആര്‍ട്ടിക്കിള്‍സിന്റെ മ്യൂസിക് ബാന്‍ഡും കേരളവര്‍മ കോളേജിനെ ഉത്സവഛായ നല്‍കി. കളിച്ചും ചിരിച്ചും ഒരു ദിവസം കഴിഞ്ഞത് അവര്‍ പോലും അറിഞ്ഞില്ല…
‘ഡേ ഫോര്‍ ഡഫോഡില്‍സ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും സന്നദ്ധ പ്രവര്‍ത്തകരുമായി നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 10 ന് ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം തൃശൂര്‍ മേയര്‍ ശ്രീമതി. അജിത ജയരാജന്‍ നിര്‍വഹിച്ചു. കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ കൃഷ്ണകുമാരി, റോഷന്‍ മാത്യു, ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (H2O) ജോളി ജോണ്‍സണ്‍, ആര്‍.ജെ നീന, കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.എന്‍. കണ്ണന്‍, ഡോ. എന്‍.കെ പ്രമീള, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ടി.ഡി ശോഭ, സ്‌പെഷ്യല്‍ കാര്‍ണിവല്‍ തൃശൂര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അതുല്‍ ടി.ആര്‍ എന്നിവരും പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here