Advertisement

“ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നുണപ്രചാരണങ്ങള്‍ നടത്തുന്നത് ഒരുതരം സാമൂഹിക ജീര്‍ണതയാണ്”: എം.എം മണി

August 1, 2018
Google News 0 minutes Read

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നുണപ്രചാരണങ്ങളെ തള്ളി വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നുണപ്രചാരണം നടത്തുന്നവരെ പറ്റി ആശങ്കയുണ്ടെന്നും യാതൊരു ഉളുപ്പും കൂടാതെ നുണ പ്രചരിപ്പിക്കുവാന്‍ കാണിക്കുന്ന അത്തരക്കാരുടെ ഉത്സാഹം ഒരുതരം സാമൂഹിക ജീര്‍ണതയാണെന്നും മന്ത്രി പറഞ്ഞു.

ജലം സംഭരിക്കുവാനും സംഭരണശേഷിയോട് അടുത്ത് വരുമ്പോള്‍ അധികജലം തുറന്ന് കളയുവാനുമുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്കുണ്ടെന്നും ജലനിരപ്പ് ഉയരുന്ന സാഹചര്യങ്ങളില്‍ വെള്ളം ഒഴുക്കി കളയാനുള്ള എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ചെയ്തിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും ജാഗ്രത പാലിച്ച് പെരുമാറിയാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“ജലം സംഭരിക്കുവാനും സംഭരണശേഷിയോട് അടുത്ത് വരുമ്പോള്‍ അധികജലം തുറന്ന്
കളയുവാനുമുള്ള സുരക്ഷാസജ്ജീകരണങ്ങളുമൊക്കെ ആയിട്ടാണ് ഇടുക്കി
അണക്കെട്ടുള്‍പ്പടെയുള്ള എല്ലാ ആധുനിക അണക്കെട്ടുകളും രൂപകല്പന
ചെയ്തിരിക്കുന്നത്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കില്‍ മാത്രമേ അണക്കെട്ട്
തുറക്കേണ്ട ആവശ്യമുയരുന്നുള്ളൂ..

അണക്കെട്ട് തുറന്നുവിടുമ്പോള്‍ അതുമായി ബന്ധപ്പെട്ട ചാലുകളിലും മറ്റ്
ജലാശയങ്ങളിലും സാധാരണയിലേക്കാള്‍ ജലനിരപ്പ് ഉയരും. ഈ പ്രത്യേകസാഹചര്യത്തെ
നേരിടുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും
ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജാഗ്രതയോടെ പെരുമാറുകയും,
ഗൗരവത്തോടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും ചെയ്യുക എന്നതാണ് മലയാളികളുടെ
ഒരു പൊതുസവിശേഷത. ഈ പ്രത്യേകസാഹചര്യത്തെ കേരളസമൂഹം ഒറ്റക്കെട്ടായി
നിന്നുകൊണ്ട് നേരിടുമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി
സഹകരിക്കുമെന്ന് തന്നെയാണ് ഉത്തമബോധ്യം. വ്യക്തിപരമായി അക്കാര്യത്തില്‍ ആശങ്കകളൊന്നുമില്ല.

എന്നാല്‍, ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നുണപ്രചാരണം
നടത്തുന്നവരെ പറ്റിയാണ് ആശങ്കയുള്ളത്. യാതൊരു ഉളുപ്പും കൂടാതെ നുണ
പ്രചരിപ്പിക്കുവാന്‍ കാണിക്കുന്ന ഈ ഉത്സാഹം ഒരു തരം സാമൂഹികജീര്‍ണതയാണ്.
ഒറ്റപ്പെട്ടതെങ്കിലും ഇത്തരം ജീര്‍ണതകളും ഈ സര്‍ക്കാര്‍ പരിഹരിച്ചുകൊള്ളും.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here