വിടവാങ്ങിയത് മലയാളിയെ ഗസൽ മഴ നനയിച്ച ഗായകൻ

മലയാളിക്ക് ഗസൽ സുപരിചിതമാക്കിയ ഗായകൻ…. മലയാളത്തിലെ ഏക മുഴുനീള ഗസൽഗായകൻ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തി… അതാണ് ഉംബായി. ‘പാടുക സൈഗാൾ പാടുക’, ‘അകലെ മൗനം പോലെ’, തുടങ്ങി നിരവധി ആൽബങ്ങൾ ഉംബായിയുടെ ആലാപനമാധുര്യത്തിൽ ഹിറ്റുകൾ സൃഷ്ടിച്ചു. ബാബു രാജ്, മെഹബൂബ് തുടങ്ങി നിരവധി പേർ ഗസൽ പാടിയിരുന്നുവെങ്കിലും മുഴുനീള ഗസൽഗായകനായിരുന്നത് ഉംബായി മാത്രമായിരുന്നു. ഒരു പക്ഷേ ഗസലിന് കേരളത്തിൽ ഇത്രയേറെ പ്രതീ ലഭിച്ചത് ഉംബായിയുടെ വരവോടെയായിരുന്നു എന്നു പറയാം.
1952 ൽ മട്ടാഞ്ചേരിയിലാണ് ഉംബായിയുടെ ജനനം. പിഎ ഇബ്രാഹീം എന്നാണ് ഉംബായിയുടെ യഥാർത്ഥ പേര്. ചെറുപ്പം മുതൽ സംഗീതത്തോട് അഭിനിവേശമുണ്ടായിരുന്നു ഉംബായിക്ക്. എന്നാൽ അദ്ദേഹത്തിന്റെ അച്ഛന് മകന്റെ സംഗീത്തോടുള്ള താൽപ്പര്യത്തിനോട് വിയോജിപ്പായിരുന്നു. സംഗീതത്തിൽ ഭ്രമിച്ച ഉംബായിയുടെ പഠനം പാതിവഴിയിൽവെച്ചു തന്നെ നിന്നു. ഇതുകണ്ട ഉംബായിയുടെ അച്ഛൻ അദ്ദേഹത്തെ ബോംബേയ്ക്ക് അയച്ചു. അദ്ദേഹത്തിന്റെ അച്ഛന്റെ ഈ തീരുമാനമാണ് ഉംബായിയുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. അവിടെവെച്ചാണ് ഉംബായി ഉസ്താദ് മുനവ്വർ അലി ഖാനെ കാണുന്നതും അദ്ദേഹത്തിന്റെ ശിഷ്യനായി ചേരുന്നതും. ഏഴു വർഷത്തോളം ഉസ്താദിന്റെ കീഴിൽ ഉംബായി സംഗീതം അഭ്യസിച്ചു.
യുഎസ് ഡോളറുകൾ, വാച്ചുകൾ, പെർഫ്യൂമുകൾ തുടങ്ങിയവ നാട്ടിലേക്ക് എത്തിച്ചാണ് ഉംബായി അന്ന് തനിക്കാവശ്യമായ പണം കണ്ടെത്തിയിരുന്നത്. അത്തരത്തിലൊരു യാത്രയ്ക്ക് ശേഷം മുംബൈയിൽ തിരിച്ചെത്തിയപ്പോഴാണ് ഉസ്താദ് അവിടെനിന്നും പോയെന്ന് ഉംബായി അറിയുന്നത്.
പിന്നീട് ഉംബായി ഹോട്ടലുകളിൽ പാട്ടുപാടി കുറച്ചുനാൾ കഴിച്ചുകൂട്ടി. അങ്ങനെയൊരുദിവസമാണ് എഴുത്തുകാരൻ വേണു വി ദേശത്തെ ഉംബായി പരിചയപ്പെടുന്നത്. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഉംബായിയുടെ ആദ്യ ആൽബം ‘പ്രണാമം’ പുറത്തിറങ്ങുന്നത്.
മെഹ്ബൂബിനൊപ്പം തബല വായിക്കുകയും ചെയ്തിട്ടുണ്ട് ഉംബായി. മെഹ്ബൂബായിരുന്നു എന്നും ഉംബായിയുടെ പ്രചോദനം. അബ്ദുൽ ഖാദർ എന്ന വ്യക്തിയുടെ വീട്ടിൽ ഉംബായി ജോലി ചെയ്തിരുന്നു. അക്കാലത്ത് മട്ടാഞ്ചേരിയിൽ വന്നിരുന്ന പ്രമുഖ ഗായകരെല്ലാം താമസിച്ചിരുന്നത് അ്ദദേഹത്തിന്റെ വീട്ടിലാണ്. അവരുടെ ചർച്ചകളും, പാട്ടുമെല്ലാം ഉംബായി ശ്രദ്ധിക്കുമായിരുന്നു. അവിടെ നിന്നായിരുന്നു തന്റെ തുടക്കമെന്നാണ് ഉംബായി കരുതിപ്പോന്നത്. ഒരിക്കൽ പണ്ഡിറ്റ് രവി ശങ്കറിന്റെയും ഉസ്താദ് അല്ല രഖയുടേയും തത്സമയ പരിപാടി മട്ടാഞ്ചേരിയിൽ നടന്നു. അതുകണ്ടതിന് ശേഷമാണ് തബല വായ്ക്കുന്നതിന് പുറമെ തനിക്ക് ചെയ്യാനാവുന്നത് എന്തന്നതിനെ കുറിച്ച് ഉംബായിക്ക് ബോധ്യം വരുന്നത്. തനിക്കൊരുപാട് പഠിക്കാനുണ്ടെന്നും അന്ന് തിരിച്ചറിവുണ്ടായതായി ഉംബായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
പിന്നീട് മലയാളികൾക്ക് ഒരുപിടി മികച്ച ഗസലുകൾ സമ്മാനിച്ചു ഉംബായി. അകലെ മൗനം പോൽ, ഗസൽമാല, ഹൃദയരാഗം, മധുരമീ ഗാനം, ഒരിക്കൽ നീ പറഞ്ഞു, പാടുക സൈഗാൾ പാടൂ, പ്രണാമം മെഹ്ബൂബ് ഒരോർമ്മ, തുടങ്ങിയവയാണ് അദ്ദേഹം നമുക്ക് സമ്മാനിച്ച ആൽബങ്ങളിൽ ചിലത്.
ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന സിനിമയ്ക്ക് ഉംബായിയുടെ ജീവിതകഥയുമായി ചെറിയ സാമ്യങ്ങളുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഉംബായി എം. ജയചന്ദ്രനുമായി ചേർന്ന് ‘നോവൽ’ എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here