ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി. കേസില്‍ കോടതിയെ സഹായിക്കാനായി നിയോഗിക്കപ്പെട്ട അഭിഭാഷകന്‍ കെ. രാമമൂര്‍ത്തിയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്.

ആചാരങ്ങളെ കോടതി മാനിക്കണമെന്നും വാദത്തിനിടെ കെ.രാമമൂര്‍ത്തി പറഞ്ഞു. കേസില്‍ കോടതിയെ സഹായിക്കാനായി രണ്ട് അമിക്കസ് ക്യൂറിമാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ രാജു രാമചന്ദ്രന്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ടാമത്തെ അമിക്കസ് ക്യൂറി കെ. രാമമൂര്‍ത്തി ഇതിനെ ശക്തമായി എതിര്‍ത്തു.

മതവിശ്വാസം അനുസരിച്ചാണ് അയ്യപ്പ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനമെന്നും വിശ്വാസത്തെ ചോദ്യം ചെയ്യാനാവില്ലെന്നും കെ. രാമമൂര്‍ത്തി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റുന്നത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും കെ. രാമമൂര്‍ത്തി ആരോപിച്ചു.

അതേസമയം, വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ കോടതിക്ക് അവകാശമില്ലെന്നും വിശ്വാസത്തിലെ വിശ്വാസ്യതെയായാണ് ശബരിമല വിഷയത്തില്‍ ചോദ്യം ചെയ്തതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു. വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top