അപകടത്തിൽ തകർന്നു തരിപ്പണമായിട്ടും ഈ വണ്ടിയുടെ ഒരൊറ്റ എയർബാഗും തുറന്നില്ല!

അപകടത്തിൽ തകർന്ന മഹീന്ദ്ര എക്‌സ്യുവി 500 ന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വാഹനം തകർന്നു തരിപ്പണമായിട്ടും എക്‌സ ്‌യുവിയുടെ ആറു എയർബാഗുകളിൽ ഒന്നുപോലും തുറന്നില്ല !
ഗുരുഗ്രാമിലാണ് അപകടം നടന്നത്. വാഹനത്തിന്റെ ചിത്രങ്ങൾ വാഹന പ്രേമികളുടെ ഓൺലൈൻ കൂട്ടായ്മയായ ടീം ബിഎച്ച്പി ഫോറത്തിൽ ഉടമ അരവിന്ദ് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലാകുന്നത്. എയർബാഗുകളുടെ പ്രവർത്തനത്തിന് തടസ്സം നിൽക്കാറുള്ള സീറ്റ് കവറുകളോ, ആക്‌സസറികളോ, ബമ്പർ ഗാർഡുകളോ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നും യാത്രികരെല്ലാം സീറ്റ് ബെൽറ്റും ധരിച്ചിരുന്നുവെന്നും എന്നിട്ടും എയർബാഗുകൾ പ്രവർത്തിക്കാതിരുന്നത് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വലിയ സുരക്ഷാപ്പിഴവാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
എസ്‌യുവി ഓടിച്ചിരുന്ന അരവിന്ദിന്റെ മകൻ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അരവിന്ദ് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.
അപകടങ്ങളിൽ സെൻസറുകൾ മുഖേനയാണ് എയർബാഗുകൾ പുറത്തുവരാറെന്നും ഒരുപക്ഷേ ഈ അപകടത്തിന്റെ ആഘാതം തിരിച്ചറിയാൻ സെൻസറുകൾക്ക് കഴിയാതെ പോയതാകും എയർബാഗുകൾ പുറത്തുവരാതിരിക്കാൻ കാരണമായതെന്നും കമ്പനി പറയുന്നു. തകർന്ന വാഹനം ഏറ്റെടുത്തു കൂടുതൽ അന്വേഷണം നടത്താനാണ് മഹീന്ദ്രയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here