പിണറായി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടന ഉടൻ

– എ.യു രഞ്ജിത്
പിണറായി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടന ഉടനുണ്ടാകും. എക്‌സൈസ്-തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് സൂചന. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നുകാട്ടി നേരത്തെ ടിപി രാമകൃഷ്ണൻ സിപിഎം സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയത് പരിഗണിച്ചാണ് നീക്കം. ഒപ്പം മറ്റ് ചില വകുപ്പ് മാറ്റങ്ങളടക്കം അടങ്ങിയതായിരിക്കും മന്ത്രിസഭ പുനഃസംഘടന. ഈ മാസം 16 ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം അടുത്ത മാസം ചേരുന്ന സംസ്ഥാന സമിതിയിലായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക.
പിണറായി മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന് പിന്നാലെ തന്നെ മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നുവെങ്കിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ തീരുമാനം നീളുകയായിരുന്നു.
എന്നാൽ വരുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭയിൽ മുഖം മിനുക്കൽ നടപടികൾ ആവശ്യമാണ് എന്നതിനാലാണ് ഇപ്പോൾ മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച ആലോചനകൾ സജീവമായിരിക്കുന്നത്. മന്ത്രിമാരുടെ പെർഫോമൻസ് ഓഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങൾ വിലയിരുത്താൻ ഓണത്തിന് ശേഷം ചേരുന്ന സിപിഎം സംസ്ഥാന സമിതി ഇത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നാണ് സൂചന.
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നുകാട്ടി നേരത്തെ എക്‌സൈസ്-തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം നേതൃത്വത്തിന് കത്ത് നൽകുകയായിരുന്നു. എന്നാൽ മികച്ച രീതിയിൽ എക്‌സൈസ് വകുപ്പ് മുന്നോട്ട് കൊണ്ടുപോകുന്ന ടിപിയെ ഇപ്പോൾ മാറ്റേണ്ടതില്ല എന്ന അഭിപ്രായം അന്ന് സിപിഎം കൈക്കൊള്ളുകയായിരുന്നു. അതേസമയം, ടിപിയുടെ ആവശ്യം പരിഗണിച്ച് വരുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹത്തെ മാറ്റുമെന്നാണ് സൂചന. പകരം മന്ത്രിസഭയിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്ന് തന്നെയുള്ള എംഎൽഎ പ്രദീപ് കുമാറിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സിപിഎം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
പ്രദീപ് കുമാറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ തന്നെ എക്‌സൈസിന് പകരം മറ്റേതെങ്കിലും വകുപ്പുകളാകും നൽകുക എന്നാണ് അറിയുന്നത്. കൂടാതെ ബന്ധുനിയമന വിവാദത്തിന്റെ പേരിൽ രാജിവെക്കേണ്ടി വന്ന ഇപി ജയരാജൻ കുറ്റവിമുക്തനായ സാഹചര്യത്തിൽ അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
അതേസമയം, മന്ത്രിമാരുടെ പ്രവർത്തന മികവ് വിലയിരുത്താനും, മാർക്കിടാനമുള്ള തീരുമാനങ്ങൾ വിലയിരുത്തി മന്ത്രിമാർക്ക് ചില വകുപ്പ് മാറ്റങ്ങൾ നടത്താനും സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here