ബാർ കോഴ കേസ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

ബാർ കോഴ കേസ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മാണിയെ കുറ്റ വിമുക്തനാക്കി വിജിലൻസ് നൽകിയ റിപ്പോർട്ടിനെതിരായി മുഖ്യ സാക്ഷി ബിജു രമേശ് നൽകിയ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും. ബിജു രമേശിന് വേണ്ടി കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകൻ കെ രാംകുമാർ വിജിലൻസ് കോടതിയിൽ ഇന്ന് ഹാജരാകും. ഇന്നത്തോട് കൂടി ബാർ കോഴ കേസിലെ പ്രതിക്ഷേധ ഹർജികളുടെ വാദം പൂർത്തിയാകും. വി എസ് അച്യുതാനന്ദൻ ബിജെപി നേതാവ് വി മുരളീധരൻ എം പി സി പി ഐ നേതാവ് പി കെ രാജു ബിജെപി നേതാവ് നോബിൾ മാത്യു സി പി ഐ അഭിഭാഷക സംഘടനാ ഐ എ എൽ എന്നിവരുടെ ഹർജികളുടെ വാദം പൂർത്തിയായിരുന്നു. സിപിഐ നേതാവും കൃഷി മന്ത്രിയുമായ വി എസ് സുനിൽ കുമാർ മന്ത്രിയുടെ ചുമതല വഹിക്കുന്നതിനാൽ കേസിൽ നിന്നും പിന്മാറിയിരുന്നു. ഇടത് മുന്നണി കൺവീനർ ആയിരുന്നവൈക്കം വിശ്വത്തിനു പകരമായി ഇപ്പോഴത്തെ ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ മാണിക്കെതിരായി നൽകിയ ഹർജി പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യവും കോടതി ഇന്ന് തീരുമാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here