ഇടുക്കി കൂട്ടക്കൊല; മുഖ്യപ്രതി അനീഷ് പിടിയിൽ

ഇടുക്കി വണ്ണപ്പുറത്തെ കൂട്ടക്കൊല കേസിൽ മുഖ്യപ്രതി അനീഷ് പിടിയിൽ. എറണാകുളം നേര്യമംഗലത്ത് സുഹൃത്തിന്റെ വീട്ടിൽവെച്ചാണ് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യൻ കൂടിയായ അനീഷ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം, കൊല്ലപ്പെട്ട അമ്മയുടേയും മകളുടേയും മൃതദേഹങ്ങളോട് അനാദരം കാണാൻ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതകം മാരകായുധങ്ങൾ ഉപയോഗിച്ചു ഭവനഭേതം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചെന്നാണ് പൊലീസ് പറയുന്നത്. ഇത് തിരിച്ചെടുക്കുന്നതിനൊപ്പം ലിബീഷിന്റെ കാരിക്കോട്ടെ വീട്ടിലും കൃഷ്ണന്റെ കമ്പകക്കാനത്തെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും.
നേരത്തെ നടത്തിയ തെളിവെടുപ്പിൽ നാലംഗ കുടുംബത്തെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും പ്രതി പൊലീസിന് കാട്ടിക്കൊടുത്തിരുന്നു. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here