പ്രതിഷേധം ഫലം കണ്ടു; കലൈഞ്ജറുടെ മൃതദേഹം മറീന ബീച്ചില്‍ സംസ്‌കരിക്കാം

കലൈഞ്ജര്‍ എം. കരുണാനിധിയുടെ ഭൗതികശരീരം മറീന ബീച്ചില്‍ സംസ്‌കരിക്കാമെന്ന് ഹൈക്കോടതി. മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ ഡിഎംകെ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ്, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. തമിഴ്‌നാട് സര്‍ക്കാറിന് വേണ്ടി അഡ്വ. എ.ജി പാണ്ഡ്യനാണ് ഹാജരായത്. അണ്ണാദുരൈ, എംജിആര്‍, ജയലളിത എന്നിവരുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് മറീന ബീച്ചിലാണ്.

കഴിഞ്ഞ ദിവസം രാത്രി അടിയന്തരമായി ഹൈക്കോടതി ഡിഎംകെയുടെ ഹര്‍ജി പരിഗണിച്ചെങ്കിലും ഇന്ന് രാവിലെ എട്ട് മണിയിലേക്ക് കോടതി മാറ്റിവക്കുകയായിരുന്നു. രാത്രി 11.30 ഓടെ ആക്ടിംഗ് ചീഫ് ജസ്റ്റിന്റെ വീട്ടിലായിരുന്നു ഇന്നലെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, ഡിഎംകെയുടെ വാദത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാരണത്താലായിരുന്നു ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. പുലര്‍ച്ചെ 1.15 വരെ വാദം കേട്ട ശേഷമായിരുന്നു ഹര്‍ജി മാറ്റിവക്കുന്നതായി കോടതി വിധിച്ചത്.

മറീന ബീച്ചില്‍ ശ്മശാനങ്ങളും സ്മാരകങ്ങളും പണികഴിപ്പിക്കുന്നതിനെതിരെ മൂന്ന് പേര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ ഈ ഹര്‍ജികളായിരുന്നു തടസം നിന്നിരുന്നത്. ഈ മൂന്ന് ഹര്‍ജിക്കാരും തങ്ങളുടെ ഹര്‍ജി പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഡിഎംകെയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി.

ഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അണ്ണാ ദുരൈയുടെ മറീന ബീച്ചില്‍ നിലകൊള്ളുന്ന ശവകുടീരത്തിന് സമീപം കരുണാനിധിക്കും അന്ത്യവിശ്രമത്തിനായുള്ള സ്ഥലം അനുവദിക്കണമെന്ന ഡിഎംകെ പ്രവര്‍ത്തകരുടെ ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരത്തേ നിരാകരിച്ചിരുന്നു.

മറീന ബീച്ചില്‍ മുഖ്യമന്ത്രിമാരെ മാത്രമാണ് സംസ്‌കരിച്ചിട്ടുള്ളത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ അല്ല മരിച്ചത്. അതിനാല്‍ തന്നെ മറീന ബീച്ച് അനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. മറീന ബീച്ചില്‍ നിരവധി സ്മാരകങ്ങള്‍ ഉയരുന്നത് തടയണം എന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും അതിനാല്‍ തന്നെ ഡിഎംകെ പ്രവര്‍ത്തകരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top