ജലനിരപ്പ് ഉയരുന്നു; ഒരു ഷട്ടര്‍ കൂടി ഉയര്‍ത്താന്‍ സാധ്യത

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2400 പിന്നിട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കില്‍ കുറവില്ല. സംഭരണിയിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ അടുത്ത ഷട്ടര്‍ കൂടി തുറക്കാന്‍ സാധ്യത.
ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറക്കുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും ജലനിരപ്പ് ഉയര്‍ന്നാല്‍ അടുത്ത ഷട്ടര്‍ തീര്‍ച്ചയായും തുറക്കുമെന്നും വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. അതേസമയം, അടുത്ത ഷട്ടര്‍ തുറക്കുന്നത് നാളെ രാവിലെ മാത്രമായിരിക്കുമെന്നും രാത്രിയില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കില്ലെന്നും മന്ത്രി വിശദമാക്കി.
നിലവിലെ സാഹചര്യമനുസരിച്ച് നാളെ രാവിലെ ആറ് മണിയോടെ ഒരു ഷട്ടര്‍ കൂടി തുറന്ന് വെള്ളം ഒഴുക്കികളയാനാണ് സാധ്യത. അങ്ങനെ വന്നാല്‍ സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമായിരിക്കും ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുക. ഒരു ഷട്ടര്‍ മാത്രം തുറന്നുകൊണ്ടുള്ള ട്രയല്‍ റണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇത് രാത്രിയിലും തുടരും. ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി 50000 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്.
അതേസമയം, ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ഏറ്റവും അവസാനം ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഇടമലയാറിലെ ജലനിരപ്പ് 169.68 അടിയിലേക്ക് എത്തി. 169 അടിയാണ് ഇടമലയാറിന്റെ പരമാവധി സംഭരണശേഷി. ഇടമലയാറിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കി കളയുന്നുണ്ടെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here