Advertisement

വര്‍ഷങ്ങളായി ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ക്ക് പരിഹാരമായി, ഭൂപതിവ് നിയമത്തിലെ ചട്ടങ്ങള്‍ മലയോര ജനതയ്ക്കുള്ള ഓണസമ്മാനം: മന്ത്രി റോഷി അഗസ്റ്റിന്‍

2 hours ago
2 minutes Read
minister roshy augustine on land assignment act

ഭൂപതിവ് നിയമത്തിലെ ചട്ടങ്ങള്‍ ഇടുക്കിയിലെ ജനങ്ങള്‍ അടക്കം മലയോര ജനതയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായിരുന്ന എല്ലാവിധത്തിലുള്ള ആശങ്കകള്‍ക്കും ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ അറുതിയാകുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളുടെ ആശങ്കകള്‍ അനുഭാവപൂര്‍വം കേട്ട മുഖ്യമന്ത്രി പിണറായി വിജയനോടും റവന്യൂ മന്ത്രി കെ. രാജനോടും ഇടുക്കിയിലെ ജനങ്ങള്‍ എക്കാലവും നന്ദിയുള്ളവരായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. (minister roshy augustine on land assignment act)

ഇടതുപക്ഷ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഇതോടെ പാലിക്കപ്പെടുന്നത്. സബജക്ട് കമ്മിറ്റിയുടെ കൂടി അനുമതി ലഭിക്കുന്നതോടെ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ജനങ്ങള്‍ക്ക് ഭൂമി ക്രമവത്കരിക്കുന്നതിന് ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനും സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14 ന് കേരള നിയമസഭ പാസാക്കിയ കേരള ഭൂപതിവ് (ഭേദഗതി) നിയമം ഏറെ നാള്‍ പിടിച്ചു വച്ചതിനു ശേഷമാണ് അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചത്. പട്ടയം ലഭിച്ച ഭൂമിയില്‍ പൂര്‍ണമായ ഉടമസ്ഥാവകാശം ലഭ്യമാകാത്ത ജനതയുടെ വേദന എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഇതു തിരിച്ചറിഞ്ഞ ജനകീയ സര്‍ക്കാരിന്റെ ഇടപെടലാണ് ഭൂപതിവ് നിയമ ഭേദഗതി നിയമത്തിലേക്ക് നയിച്ചത്.

Read Also: ഇക്ക വില്ലനായാല്‍ ചുമ്മാതങ്ങ് പോകില്ല, രാക്ഷസ നടികര്‍…കൊല്ലുന്ന നോട്ടം; കളങ്കാവല്‍ ടീസര്‍ പുറത്ത്

മന്ത്രിസഭാ യോഗം അംഗീകരിച്ച ചട്ടങ്ങള്‍ മലയോര കര്‍ഷകന് അക്ഷരാര്‍ഥത്തില്‍ പുതുജന്മം ആണ്. 63 വര്‍ഷമായി ഹൈറേഞ്ചിലെ കര്‍ഷകരെ അലട്ടിയിരുന്ന പട്ടയ പ്രശ്നങ്ങള്‍ക്കാണ് പരിഹാരമായിരിക്കുന്നത്. ചട്ടങ്ങള്‍ തയാറാക്കുന്ന ഘട്ടത്തില്‍ ഇടുക്കിയിലെ ജനത മാത്രമായി നേരിടുന്ന പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി കെ. രാജനെയും പലകുറി നേരില്‍ കണ്ടു ചര്‍ച്ച നടത്തിയിരുന്നു.

കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗത്തില്‍ വിഷയം വന്നപ്പോള്‍ നിര്‍ദേശിച്ച ഭേദഗതികളാണ് ഏറ്റവും ഒടുവിലായി വിഷയത്തില്‍ നടത്തിയ ഇടപെടല്‍. 1500 ചതുരശ്ര അടി വരെയുള്ള വീടുകള്‍ ഫീസീടാക്കാതെ ക്രമപ്പെടുത്താമെന്നായിരുന്നു ആദ്യ നിര്‍ദേശം. വീടുകള്‍ വലിപ്പം നോക്കാതെ ക്രമപ്പെടുത്തണമെന്നതടക്കം അന്നു ഞാന്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി അന്തിമ ചട്ടങ്ങള്‍ തയാറാക്കിയ ഇരുവരോടുമുള്ള നന്ദി ഈ ഘട്ടത്തില്‍ പ്രകടിപ്പിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഭേദഗതി ബില്‍ പാസാകുന്നതിന് കാരണമായത് എന്നു നിസംശയം പറയാം. റവന്യൂ മന്ത്രി കെ. രാജന്റെ ശക്തമായ ഇടപെടലും ജില്ലയില്‍ നിന്നുള്ള മുന്‍ മന്ത്രി എംഎം മണിയുംജില്ലയിലെ എല്‍ഡിഎഫ് നേതൃത്വവും വിവിധ ഘട്ടങ്ങളില്‍ നിര്‍ണായക ഇടപെടലുകളാണ് നടത്തിയത് എന്നും സ്മരിക്കാതെ വയ്യ.

നിയമനിര്‍മാണത്തിലൂടെ ഇടുക്കിയിലെ ജനങ്ങളെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാന്‍ സാധിച്ചതില്‍ വ്യക്തിപരമായി ഏറെ അഭിമാനമുണ്ട്. എന്റെ 25 വര്‍ഷം നീളുന്ന നിയമസഭാംഗത്വത്തില്‍ ഏറ്റവും ചാരിതാര്‍ത്ഥ്യമുള്ള നിമിഷം എന്ന് ഇതിനെ ഞാന്‍ വിശേഷിപ്പിക്കുകയാണ്. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് നിയമസഭയില്‍ എത്തിച്ചത്. ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചവര്‍ പോലും പിന്തുണയ്ക്കുന്നതിലേക്ക് എത്തി. ബില്‍ അവതരണ വേളയില്‍ പ്രതിപക്ഷത്തിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഏഴു പ്രാവശ്യം ഇടപെട്ടു സംസാരിച്ചതും ആശങ്ക ദൂരീകരിക്കാന്‍ കഴിഞ്ഞതുമെല്ലാം ഈ യാത്രയിലെ അവിസ്മരണീയ നിമിഷങ്ങളാണ്.

1964 ഭൂപതിവ് 1993 പ്രത്യേക ഭൂപതിവ് ചട്ടങ്ങളില്‍ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ കൂടി നടത്താന്‍ സാഹചര്യമൊരുക്കുന്നത് മലയോര ജനതയുടെ ജീവിതം മാറ്റിമറിയ്ക്കും. ഇവിടേക്ക് കൂടുതല്‍ പദ്ധതികള്‍ വരാന്‍ സാഹചര്യമൊരുക്കും. ടൂറിസം രംഗത്ത് അടക്കം മലയോര മേഖലയുടെ പുത്തനുണര്‍വിന് പുതിയ ചട്ടങ്ങള്‍ സാഹചര്യമൊരുക്കും. ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയം ഏവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യം.

Story Highlights : minister roshy augustine on land assignment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top