കേന്ദ്ര ആഭ്യന്തരമന്ത്രി ഞായറാഴ്ച കേരളത്തിലെത്തും; ദുരിതബാധിത പ്രദേശങ്ങളില്‍ നാളെ മുഖ്യമന്ത്രിയെത്തും

സംസ്ഥാനത്ത് കനത്ത മഴയും ദുരിതങ്ങളും തുടരുന്ന സാഹചര്യത്തില്‍ എല്ലാവിധ പിന്തുണയും അറിയിച്ച് കേന്ദ്രം. പ്രളയദുരന്തം നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തും. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു. സംസ്ഥാനത്തെ മഴക്കെടുതിയെ കുറിച്ച് വിശദമായി മുഖ്യമന്ത്രിയോട് ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ദുരന്തം നേരിടുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.

എല്ലാ പൊതുപരിപാടികളും നിര്‍ത്തിവച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് തന്നെയുണ്ട്. ഓഗസ്റ്റ് 12 വരെയുള്ള എല്ലാ പൊതുപരിപാടികളും മുഖ്യമന്ത്രി റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നാളെ (ശനി) ഹെലികോപ്റ്ററിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

ദുരന്തത്തെ നേരിടാന്‍ സൈന്യത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ 15 അംഗസംഘത്തെ ഹെലികോപ്റ്ററില്‍ വയനാട്ടില്‍ എത്തിച്ചു. 48 പേരുടെ മറ്റൊരു സംഘവും വയനാട്ടില്‍ എത്തിയിട്ടുണ്ട്. 28 പേരടങ്ങുന്ന ഓരോ സംഘങ്ങള്‍ കോഴിക്കോടും മലപ്പുറത്തും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ 27 പേരാണ് മരണപ്പെട്ടത്. ഇതില്‍ 22 പേരും മരിച്ചത് വ്യാഴാഴ്ച. ഇടുക്കിയിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്-11 പേര്‍.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top