Advertisement

മഴക്കെടുതി; അര്‍ഹമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

August 11, 2018
0 minutes Read

ജനങ്ങള്‍ക്ക് മഴക്കെടുതിയിലൂടെ ഉണ്ടായ എല്ലാ നാശനഷ്ടങ്ങള്‍ക്കും അര്‍ഹമായ രീതിയില്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കും. നാശനഷ്ടങ്ങളെ അടിസ്ഥാനപ്പെടുത്തി കാലങ്ങളായി നല്‍കിവരുന്ന സര്‍ക്കാര്‍ സഹായത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കെടുതിയില്‍ വീട് നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം നല്‍കും. മണ്ണൊലിപ്പ് രൂക്ഷമായ സ്ഥലങ്ങളില്‍ ചിലര്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. സ്ഥലം പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആറ് ലക്ഷം രൂപ ധനസഹായം നല്‍കും. കൃഷിനാശം സംഭവിച്ചവര്‍ക്ക് പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള മാന്യമായ നാശനഷ്ടം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റകളും നഷ്ടപ്പെട്ടവര്‍ക്ക് അത് എത്രയും വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആലോചിക്കും. ഫീസ് അടക്കാതെ തന്നെ രേഖകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സജ്ജീകരണമൊരുക്കും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകള്‍ വഴി വീണ്ടും പുസ്തകം വിതരണം ചെയ്യും. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി 3800 രൂപ സര്‍ക്കാര്‍ സഹായമായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശക്തമായ മഴയും പ്രളയവും മൂലം തകര്‍ന്ന റോഡുകളുടെ അറ്റകുറ്റ പണികള്‍ വേഗത്തിലാക്കും. വെള്ളം കയറിയ സ്ഥലങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. അത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ കരുതല്‍ പാലിക്കണം. പാമ്പ് കടിയേറ്റ് ചികിത്സയോ മറ്റ് ആവശ്യം വരുന്നവര്‍ക്കുള്ള എല്ലാ നടപടികളും ആശുപത്രികളില്‍ ഒരുക്കും. വെള്ളം താഴുന്നതോടെ രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളില്‍ ശുചീകരണ പരിപാടികള്‍ നടത്തണമെന്നും രോഗങ്ങളെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മഴക്കെടുതിയെ നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവരികയാണെന്നും ഭിന്നതയില്ലാതെ വിവിധ ഏജന്‍സികളും സര്‍ക്കാറും ഏകോപനം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു വരുന്ന എല്ലാവരെയും മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാറിന്റെ പേരില്‍ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് വയനാട്ടിലും എറണാകുളത്തും എത്തി. ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top