കിതച്ചും കുതിച്ചും ഇംഗ്ലണ്ടിന് ലീഡ്; ഇന്ത്യ പ്രതിരോധത്തില്‍

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 107 പിന്തുടര്‍ന്ന ആതിഥേയരായ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് സ്വന്തമാക്കി. നിലവില്‍ 52 രണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. 89 ന് നാല് വിക്കറ്റ് എന്ന നിലയില്‍ ഇംഗ്ലണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും മധ്യനിര തളരാതെ നിന്നു.
ഒലി പോപ്പെ 28 റണ്‍സ് നേടി പുറത്തായപ്പോള്‍ ജോസ് ബട്‌ലര്‍ 24 റണ്‍സും സ്വന്തമാക്കി. 31 റണ്‍സുമായി ബെയര്‍സ്റ്റോയും 18 റണ്‍സുമായി ക്രിസ് വോക്‌സുമാണ് ഇപ്പോള്‍ ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഹാര്‍ദിക്കും ഇഷാന്തും ഓരോ വിക്കറ്റ് വീതം നേടി. ബാറ്റിംഗ് അങ്ങേയറ്റം ദുഷ്‌കരമായ കാലാവസ്ഥയില്‍ ഇംഗ്ലണ്ടിന്റെ ലീഡ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നു.
ആദ്യ രണ്ട് ദിവസത്തെ മഴ പിച്ചിന്റെ വേഗതയെ സാരമായി ബാധിച്ചത് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിനയായി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 107 റണ്‍സിനാണ് പുറത്തായത്. 29 റണ്‍സ് നേടിയ അശ്വിനാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റുകള്‍ പിഴുതെടുത്ത ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here