ജലനിരപ്പ് താഴുന്നു; 2400 അടിയില്‍ എത്തിയാലും ഷട്ടര്‍ അടയ്ക്കില്ല

ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞു. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുന്നു. നീരൊഴുക്ക് കുറയുകയും വലിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് 2400 അടിയായി കുറയാന്‍ സാധ്യത.
ഇന്ന് അര്‍ദ്ധരാത്രിയോടെ ജലനിരപ്പ് 2400 അടിയിലേക്ക് എത്തിയേക്കും. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.48 അടിയായി താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1.28 അടി ജലനിരപ്പ് കുറഞ്ഞു. എന്നാല്‍, ഇനി വരുന്ന മണിക്കൂറുകളില്‍ മഴ പെയ്താല്‍ അത് തിരിച്ചടിയാകും. സംസ്ഥാനത്ത് പലയിടത്തും ശക്തിയായ മഴ പെയ്യാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കില്ല. 2400 അടിയായി ജലനിരപ്പ് കുറഞ്ഞാല്‍ ഷട്ടര്‍ അടയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഷട്ടര്‍ ഉടന്‍ അടയ്ക്കില്ലെന്നാണ് സൂചന. ജലനിരപ്പ് കുറഞ്ഞാല്‍ ഒഴുക്കി കളയുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തും. തുലാവര്‍ഷം ലഭിക്കാന്‍ സാധ്യതയുള്ള മഴയുടെ അളവും പരിഗണിച്ചാണ് ഇടുക്കി ഡാമിലെ വെള്ളം കൂടുതല്‍ ഒഴുക്കികളയുന്നത്. ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവ് പരിഗണിച്ച് അതിന് സമമായ രീതിയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കികളയാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 7,50,000 ലിറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കി കളയുന്നത്.
അതേസമയം, ഇടമലയാര്‍ ഡാമിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഇടമലയാറിന്റെ മൂന്ന് ഷട്ടറുകളും നേരത്തെ അടച്ചിരുന്നു. നിലവില്‍ ഒരു ഷട്ടര്‍ മാത്രമാണ് തുറന്നിട്ടിരിക്കുന്നത്. നീരൊഴുക്ക് കുറയുന്ന മുറയ്ക്ക് അതും ഉടന്‍ അടയ്ക്കാനാണ് സാധ്യത. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഇടമലയാറിന്റെ ജലനിരപ്പ് 168.97 ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here